'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനും

'അമ്മ' പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോന്‍ Vs ദേവന്‍ പോര്

Update: 2025-07-31 11:28 GMT

കൊച്ചി: അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പ് ചിത്രം പുറത്തുവരുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ശ്വേതാ മേനോനും ദേവനും തമ്മില്‍. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെ മത്സരത്തില്‍ ശ്വേതാ മേനോന്‍ മുന്‍തൂക്കം നേടിയതായാണ് വിലയിരുത്തല്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങള്‍ പലരും പിന്‍മാറിയ സാഹചര്യത്തിലാണ് താനും പിന്‍മാറിയതെന്ന് നവ്യ പറഞ്ഞു. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

അതേസമയം, അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരം നടക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജ് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏന്നേക്കുമായി പിന്‍മാറുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദേവന്‍ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്.

'വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. എന്നെ മത്സരത്തിലൂടെ തോല്‍പ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാല്‍, ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്', എന്നായിരുന്നു ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Tags:    

Similar News