ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍; 1000 കിലോമീറ്റര്‍ വരെ ദൂരപരിധി; റഡാറുകളുടെ കണ്ണുവെട്ടിച്ചു കടക്കാനും ദൗത്യം നിര്‍വഹിച്ചു തിരികെ എത്താനും മിടുക്കന്‍; പാക്കിസ്ഥാന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തെറിഞ്ഞത് ഹരോപ് ഡ്രോണുകള്‍ ഉപയോഗിച്ച്
ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന നഗരങ്ങള്‍. ലഹോറിലേക്ക് ഇന്ത്യയുടെ ഡ്രോണുകള്‍ എത്തിയതും അവരുടെ വ്യോമപ്രതിരോധ സംവിധാനത്തെ തകര്‍ത്തതും പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍ നിര്‍മ്മിത ഹാരോപ് ഡ്രോണ്‍ ഇന്ത്യ ഉപയോഗിച്ചെന്നും ഇത് ഉപയോഗിച്ചാണ് വ്യാപകമായി ആക്രമണം നടത്തിയതെന്നുമാണ് പാക്കിസ്ഥാനും ആരോപിക്കുന്നത്. 24 ഓളം ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിച്ചെന്നാണ് പാക്കസ്ഥാന്റെ ആരോപണം.
ഈ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനത്ത ഇന്ത്യ തകര്‍ത്തുവെന്നും ഔദ്യോഗികമായി വ്യക്തമാക്കിയത്. ഇതിനായി ഹാരോപ് ഡ്രോണുകള്‍ ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇസ്രായേല്‍ നിര്‍മിതമായ ഹാരോപ് ഡ്രോണുകളെ കുറിച്ച് ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ നിറയുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഇന്ത്യ ഏത് ഡ്രോണാണ് ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹരോപ് ഡ്രോണുകള്‍ ഇന്ത്യ ഇസ്രായേലില്‍ നിന്നും നേരത്തെ വാങ്ങിയിരുന്നു.
യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ഡ്രോണുകളില്‍ ഒന്നാണ് ഹാരോപ് ഡ്രോണുകള്‍. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ എംബിടി വിഭാഗം വികസിപ്പിച്ചെടുത്ത ആളില്ലാ കോംബാറ്റ് എയര്‍ വെഹിക്കിള്‍ (യുസിഎവി) ആണ് ഐഎഐ ഹാരോപ്പ് (അല്ലെങ്കില്‍ ഐഎഐ ഹാര്‍പ്പി 2). മറ്റ് ഡ്രോണുകളില്‍ നിന്നും വ്യത്യസ്തമായി ഡ്രോണ്‍ തന്നെ യുദ്ധോപകരണമായി പ്രവര്‍ത്തിക്കുമെന്നതാണ് ഈ ഡ്രോണിന്റെ പ്രത്യേകത.
റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ മിടുക്കുള്ള ഡ്രോണുകളാണ് ഹരോപ്. ഹരോപ് ഡ്രോണുകള്‍ക്ക് ശത്രുക്കളുടെ മിസെയിലുകള്‍, റഡാര്‍ സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കാന്‍ ശേഷിയുണ്ട്. ഇസ്രയേല്‍ വിമാന നിര്‍മാണ കമ്പനിയായ യുസിഎവിയാണ് വിമാനം നിര്‍മിച്ചു നല്‍കുന്നത്. 500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 23 കിലോ ഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 2.5 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണുള്ളത്.
ആറുമണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. എന്നാല്‍ ഒരു തവണ മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഇതിനുശേഷം ഇവ സ്വയം നശിക്കും. തിരികെ എത്താന്‍ ശേഷിയുള്ളവയുമുണ്ട്. യുഎസിന്റെ പക്കലുള്ള പ്രിഡേറ്റര്‍ എന്ന പെയിലറ്റില്ലാത്ത പോര്‍ വിമാനം ദൗത്യത്തിന് ശേഷം തിരികെ താവളത്തില്‍ എത്തുന്നതുപോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും എന്നാല്‍ ഹരോപ് വിമാനങ്ങള്‍ സ്വയം നശിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ആദ്യ ആക്രമണത്തില്‍ തന്നെ ശത്രു വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനും ഹരോപിന് സാധിക്കും. റഡാറുകളുടെ കണ്ണു വെട്ടിക്കുന്നതും കൊണ്ട് തന്നെ ശത്രുക്കള്‍ക്ക് വലിയ തലവേദയനാണ് ഈ ഡ്രോണുകള്‍. ഹാരോപ്പിന് 1000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇസ്രായേലില്‍നിന്നും ഹരോപ് ഡ്രോണുകള്‍ വാങ്ങാന്‍ കരാറായത് 2019ലാണ്. നെതന്യാഹും ഇന്ത്യയില്‍ എത്തിയ ഘട്ടത്തിലാണ് ഇത് സംബന്ധിച്ച കരാറായത്.
ആക്രമണത്തിനു മുന്‍പ് നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഇലക്ട്രോ-ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഡ്രോണുകളായിരുന്നു നേരത്തെ ഇന്ത്യയുടെ പക്കലുണ്ടായരുന്നത്. ഹരോപ് എത്തിയതോടെ സ്ഥിതി മാറി. അടിയന്തിരാവശ്യം മുന്‍ നിര്‍ത്തി ഇസ്രായേലില്‍ നിന്നും അത്യാധുനിക സ്‌പൈക്ക് മിസൈലുകളും ഇന്ത്യവാങ്ങിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്‌ഫോടനങ്ങള്‍ നടന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ ഷറാഫി ഗോതില്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങള്‍ ഡ്രോണ്‍ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാന്‍ സൈന്യം അറിയിച്ചു. ലാഹോര്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ക്ക് പരിക്കേറ്റെന്നും ഒരാള്‍ മരിച്ചെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില്‍ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില്‍ പുക ഉയര്‍ന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോള്‍ട്ടന്‍ വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്‌ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.