വൈറ്റ് ഹൗസിലും ഇനി കടക്ക് പുറത്ത്..! ട്രംപിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും; നൂറ്റാണ്ടുകളായി പിന്തുടര്‍ന്നിരുന്ന പാരമ്പര്യം മാറ്റിമറിക്കാന്‍ ട്രംപ്; നവമാധ്യമങ്ങളെയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിക്കുമെന്ന് കരോലിന്‍ ലീവിറ്റ്
വൈറ്റ് ഹൗസിലും ഇനി കടക്ക് പുറത്ത്..!
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലും മാധ്യമങ്ങള്‍ക്ക് കടക്ക് പുറത്ത് ലൈന്‍. ഇനി മുതല്‍ ട്രംപിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും.
നൂറ്റാണ്ടുകളായി വൈറ്റ്ഹൗസ് പിന്തുടര്‍ന്നിരുന്ന പാരമ്പര്യമാണ് ട്രംപ് മാറ്റിമറിക്കുന്നത്. സ്വതന്ത്രമായി തിരഞ്ഞെടുത്ത മാധ്യമങ്ങളുടെ ലേഖകര്‍ക്ക് ഇതുവരെ പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവര്‍ക്ക് വൈറ്റ്ഹൗസ് നല്‍കുന്ന കാര്‍ഡുണ്ടാകണമെന്നതായിരുന്നു നിബന്ധന. എന്നാല്‍, പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളെയും വാര്‍ത്താസമ്മേളനത്തിനു ക്ഷണിക്കുമെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.
വാര്‍ത്താസമ്മേളനങ്ങളില്‍ എല്ലാവിഭാഗം മാധ്യമങ്ങളുടെയും പ്രാതിനിധ്യമുറപ്പാക്കാനും ട്രംപിനെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അദ്ദേഹത്തെ സമീപിക്കാന്‍ അവസരമുണ്ടാക്കാനുമാണ് ഈ പരിഷ്‌കാരമെന്നും അവര്‍ അറിയിച്ചു. വാഷിങ്ടണിലുള്ള ഒരുസംഘം വാര്‍ത്താലേഖകരുടെ കുത്തക ഇതോടെ ഇല്ലാതാകുമെന്നും ലീവിറ്റ് പറഞ്ഞു.
മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് ട്രംപ് സര്‍ക്കാര്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നുമാറ്റിയതിനുപിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.പി.ക്ക് വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. തങ്ങളുടെ വാര്‍ത്തകളില്‍ മെക്‌സിക്കോ ഉള്‍ക്കടലെന്ന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് എ.പി. വ്യക്തമാക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
അസോസിയേറ്റഡ് പ്രസിനെ വൈറ്റ്ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലും അദ്ദേഹം സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലും ഇനി മുതല്‍ അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ട്രംപ് ഭരണകൂടം ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന മാറ്റിയ നടപടിയെ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയത്. അസോസിയേറ്റഡ് പ്രസിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ ഡാര്‍ലൈന്‍ സൂപ്പര്‍വില്ലേക്കും ഫോട്ടോഗ്രഫറായ ബെന്‍ കേര്‍ട്ടിസിനും ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുണ്ട്.
അതേസമയം ട്രംപിന്റെ വിലക്കിനെ നിയമപരമായി തന്നെ നേരിടാനാണ് അസോസിയേററഡ് പ്രസിന്റെ തീരുമാനം. വൈറ്റ്ഹൗസ് റിപ്പോര്‍ട്ടര്‍മാരുടെ കൂട്ടായ്മയും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കൈകടത്തലാണ് ഇതെന്നാണ് അവരുടെ നിലപാട്.
1960 കള്‍ മുതല്‍ തന്നെ വൈറ്റ്ഹൗസിലെ ചടങ്ങുകളിലും പ്രസിഡന്റ് യാത്ര നടത്തുമ്പോഴും എല്ലാം അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അസോസിയേറ്റഡ് പ്രസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജൂലി പേസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.