വെനസ്വേലയെ വിറപ്പിച്ച 'ലേഡി മക്‌ബെത്ത് ' ഇനി അമേരിക്കന്‍ തടവില്‍; ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ; ഭര്‍ത്താവിനേക്കാള്‍ അപകടകാരിയായ ഭാര്യ; മണ്‍കുടിലില്‍ നിന്ന് അധികാരത്തിന്റെ ഉന്നതിയിലേക്ക്; ആരാണ് സീലിയ ഫ്‌ലോര്‍സ്?
ആരാണ് സീലിയ ഫ്‌ലോര്‍സ്?
കാരക്കാസ്: വെനസ്വേലയെ കടന്നാക്രമിച്ച് അമേരിക്കന്‍ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കൊപ്പം പിടികൂടി വിമാനത്തില്‍ കടത്തിയ സീലിയ ഫ്‌ലോര്‍സ് വെറുമൊരു 'ഫസ്റ്റ് ലേഡി' ആയിരുന്നില്ല. മറിച്ച്, മഡുറോ എന്ന സ്വേച്ഛാധിപതിയുടെ പിന്നിലെ ബുദ്ധിയും കരുത്തുമായിരുന്നു. മഡുറോയുടെ ജീവിതത്തേക്കാള്‍ സാഹസികമാണ് സീലിയ ഫ്‌ലോര്‍സിന്റെ കഥ.
മണ്‍കുടിലില്‍ നിന്ന് നിയമലോകത്തേക്ക്
1956-ല്‍ വെനസ്വേലയിലെ തിനാക്വിലോ എന്ന ചെറിയ നഗരത്തിലാണ് സീലിയ ജനിച്ചത്. തറ പോലുമില്ലാത്ത, മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു കുടിലിലായിരുന്നു അവരുടെ ബാല്യം. ആറ് സഹോദരങ്ങളില്‍ ഏറ്റവും ഇളയവള്‍. പിതാവ് വീടുതോറും സാധനങ്ങള്‍ വിറ്റുനടക്കുന്ന ഒരു വഴിയോര കച്ചവടക്കാരനായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി കുടുംബം കാരക്കാസിലേക്ക് കുടിയേറിയതോടെയാണ് സീലിയയുടെ ജീവിതം മാറുന്നത്. അവിടെവെച്ച് ക്രിമിനല്‍ നിയമത്തില്‍ അവര്‍ ബിരുദം നേടി.
ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ
ആദ്യം ഒരു സാധാരണ പോലീസ് സ്റ്റേഷനില്‍ മൊഴി പകര്‍ത്തിയെഴുതുന്ന ജോലി ചെയ്തിരുന്ന സീലിയയുടെ രാഷ്ട്രീയ ബോധം ഉണരുന്നത് 1989-ലെ ഇന്ധനവില വര്‍ദ്ധനവിനെത്തുടര്‍ന്നുണ്ടായ കലാപങ്ങളോടെയാണ്. 1992-ല്‍ ഹ്യൂഗോ ഷാവേസ് നടത്തിയ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നാലെ, തടവിലായ ഷാവേസിനെ സഹായിക്കാന്‍ സീലിയ സന്നദ്ധത അറിയിച്ചു. ഷാവേസിന്റെ അഭിഭാഷകയായി മാറിയ സീലിയ അക്കാലത്താണ് മറ്റൊരു യൂണിയന്‍ നേതാവായ നിക്കോളാസ് മഡുറോയെ പരിചയപ്പെടുന്നത്. അന്നത്തെ ആ സൗഹൃദം പിന്നീട് വിവാഹത്തിലേക്കും വെനസ്വേലയുടെ അധികാര സിംഹാസനത്തിലേക്കും അവരെ നയിച്ചു.
'ലേഡി മക്‌ബെത്ത്' എന്ന വിളിപ്പേര്
വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ക്ക് സീലിയ ഒരു പേടിസ്വപ്നമായിരുന്നു. ഷാവേസിന്റെ വിശ്വസ്തയായിരുന്ന അവര്‍ പിന്നീട് രാജ്യത്തെ അറ്റോര്‍ണി ജനറലായി. ഷാവേസിന്റെ മരണശേഷം ഭര്‍ത്താവ് മഡുറോ പ്രസിഡന്റായതോടെ സീലിയ വെനസ്വേലയുടെ നിഴല്‍ ഭരണാധികാരിയായി മാറി. എതിരാളികളെ 'പാപികള്‍' എന്ന് വിളിച്ച് അധിക്ഷേപിക്കാനും കടുത്ത നിലപാടുകള്‍ എടുക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരെ 'ലേഡി മക്‌ബെത്ത്' എന്ന് വിളിച്ചു.
അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് അമേരിക്കന്‍ തടവിലേക്ക്
വെനസ്വേലന്‍ നാഷണല്‍ അസംബ്ലിയുടെ അധ്യക്ഷയായും പവര്‍ ബ്രോക്കറായും തിളങ്ങിയ സീലിയ, മഡുറോയുടെ ഓരോ നീക്കത്തിന് പിന്നിലും ഉണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ മിന്നലാക്രമണത്തില്‍ മഡുറോയ്ക്കൊപ്പം സീലിയയും പിടിക്കപ്പെട്ടതോടെ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. തന്റെ വിപ്ലവ വീര്യം കൊണ്ട് വെനസ്വേലയെ വിറപ്പിച്ച ഈ സ്ത്രീ ഇനി അമേരിക്കന്‍ നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരും.
