ഓപ്പറേഷന്റെ കൃത്യതയില്‍ മാത്രം ശ്രദ്ധ; കരളില്‍ ഉള്‍പ്പടെ തുളച്ചു കയറിയ മൂന്ന് വെടിയുണ്ടകള്‍; ജീവന്‍ വെടിഞ്ഞത് ഭീകര തലവനെയും വധിച്ച് ഓപ്പറേഷന്‍ വിജയിപ്പിച്ച്; ഷോപിയാനെ ചുവപ്പിച്ച പകലിന്റെയും മേജറിന്റെയും കഥ; ആരാണ് 'അമര'നായ മേജര്‍ മുകുന്ദ് വരദരാജന്‍?

ആരാണ് 'അമര'നായ മേജര്‍ മുകുന്ദ് വരദരാജന്‍?

By :  Aswin P T
Update: 2024-10-24 09:41 GMT

തിരുവനന്തപുരം: മറക്കാനാവാത്ത ജീവന്റെയും ജീവിതങ്ങളുടെയും ചരിത്രം കൂടിയാണ് ഇന്ത്യന്‍ ആര്‍മിയുടെത്. ഒട്ടുമിക്ക ഐതിഹാസിക ജയങ്ങളുടെയും പിന്നില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ധീരന്മാരായ പട്ടാളക്കാരുടെ ജീവിതകഥ കൂടിയുണ്ട്. ദേശസ്നേഹത്തിനുമപ്പുറം ജീവിതവിജയത്തിന് പോലും ഇന്ധനമാകുന്ന ത്രസിപ്പിക്കുന്ന ജീവിതകഥകള്‍. തലമുറകളെ തന്നെ സ്വാധീനിക്കുന്ന ഇത്തരം കഥകള്‍ക്ക് ദൃശ്യഭാഷ്യം ഉണ്ടാകുന്നതും പതിവ് കാഴ്ച്ചകളാണ്. അത്തരം സിനിമകളുടെ കൂട്ടത്തിലേക്കുള്ള ഒടുവിലത്തെ എന്‍ട്രിയാണ് രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ശിവ കാര്‍ത്തികേയന്‍ ചിത്രം അമരന്‍.

കശ്മിരിലെ ഷോപിയാന്‍ ഓപ്പറേഷനെ വിജയത്തിലെത്തിച്ച് ജീവന്‍ വെടിഞ്ഞ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചയാവുകയാണ് മുകുന്ദിന്റെ ജീവിതവും ഷോപിയാനിലെ അസാധാരണ പോരാട്ടവും. ദേഹത്തെ തുളച്ചുകയറിയ മൂന്നോളം വെടിയുണ്ടകളെപ്പോലും വകവെക്കാതെ ഓപ്പറേഷന്‍ വിജയിപ്പിച്ചാണ് മുകുന്ദ് വിട പറഞ്ഞത്.പിന്നാലെ തൊട്ടടുത്ത വര്‍ഷം 2015 ല്‍ മരണാനന്തരം പരമോന്നത ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.



കോഴിക്കോട് മുതല്‍ കാശ്മീര്‍ വരെ..മുകുന്ദിന്റെ യാത്രകള്‍

1983 ഏപ്രില്‍ 12ന് ആര്‍ വരദരാജന്റെയും ഗീതയുടെയും മകനായി കോഴിക്കോടാണ് മുകുന്ദ് ജനിക്കുന്നത്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ്നാട് സ്വാദേശിയായ മേജര്‍ മുകുന്ദ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് കേരളത്തിലാണ്.ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുകുന്ദിന്റെ അച്ഛന്‍ ആര്‍ വരദരാജന്‍.അങ്ങിനെയാണ് മുകുന്ദിന്റെ ജനനവും പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോടായത്.ഇന്ത്യന്‍ ആര്‍മിയുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന കുടുംബമായിരുന്ന അദ്ദേഹത്തിന്റേത്.മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാര്‍.അതിനാല്‍ ചെറുപ്പം തൊട്ടേ മുകുന്ദിനും സൈനിക യൂണിഫോം ഒരു വികാരമായിരുന്നു.

മുകുന്ദിന്റെ തുടര്‍വിദ്യാഭ്യാസവും ജീവിതവുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു.തമിഴ്‌നാട്ടിലെ ഏനാത്തൂരിലുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയത്തില്‍ നിന്ന് കൊമേഴ്‌സ് ബിരുദവും താംബരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും നേടി.2005ലാണ് കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ പാസായ ശേഷം അദ്ദേഹം സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.തുടര്‍ന്ന് ചെന്നൈയിലെ പ്രശസ്തമായ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനവും പൂര്‍ത്തിയാക്കി.

2006ല്‍, ധീരരായ സൈനികര്‍ക്കും നിരവധി യുദ്ധ വീര്യങ്ങള്‍ക്കും പേരുകേട്ട കാലാള്‍പ്പട റെജിമെന്റായ രജപുത്ര റെജിമെന്‍ന്റിന്റെ, 22 രജപുത്ര ബറ്റാലിയനിലേക്ക് ലെഫ്റ്റനന്റായി അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു.ഇവിടത്തെ മൂന്നുവര്‍ഷത്തെ സേവനത്തിനിടയ്ക്കാണ് ഒന്‍പത് വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പ്രണയം പൂവണിയുന്നത്.മലയാളിയും പ്രണയിനിയായ ഇന്ദു റബേക്ക വര്‍ഗ്ഗീസിനെ മുകുന്ദ് ജീവിതസഖിയാക്കിയത് 2009 ഓഗസ്റ്റ് 28-നാണ്.2011 മാര്‍ച്ച് 17-ന് ഇന്ദുവിന്റെയും മുകുന്ദിന്റെയും ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് അതിഥിയായെത്തി.




പിന്നാലെ മധ്യപ്രദേശിലെ മഹൊവിലെ ഇന്‍ഫന്‍ട്രി സ്‌കൂളിലും തുടര്‍ന്ന് യുഎന്‍ സമാധാന മിഷന്റെ ഭാഗമായി ലെബനനിലും അദ്ദേഹം സേവനം ചെയ്തു.2012 ഡിസംബറിലാണ് കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്ന 44 രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനൊപ്പം സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തെ നിയോഗിക്കുന്നത്.ഇവിടുന്നാണ് ഷോപ്പിയാനിലെ ഖാസിപത്രി ഓപ്പറേഷന്റെ ഭാഗമാകുന്നതും വീരമൃത്യു വരിക്കുന്നതും.

ആപ്പിള്‍ ടൗണിനെ ചുവപ്പിച്ച പകല്‍...ഓപ്പറേഷന്‍ ഖാസിപത്ര

2014 കാലം..ആപ്പിള്‍ ടൗണ്‍ എന്നറിയപ്പെടുന്ന കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യയെ വെല്ലുവിളിക്കാനും കശ്മീരിനെ കൈപ്പിടിയിലാക്കാനും തീവ്രവാദികള്‍ ആയുധമേന്തി അതിര്‍ത്തി കടന്നെത്തിയ നാളുകള്‍.പ്രദേശവാസികളായ ജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ അങ്ങനെ തങ്ങളെ ചോദ്യം ചെയ്തവര്‍ക്കെല്ലാം തോക്ക് കൊണ്ട് മറുപടിനല്‍കി തീവ്രവാദികള്‍ ചോരയുടെ പുതിയ കണക്കുകള്‍ കശ്മീരില്‍ പടര്‍ത്തികൊണ്ടേയിരുന്നു.ഈ കാലത്താണ് രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-മത് യൂണിറ്റിന്റെ ഭാഗമായി മേജര്‍ മുകുന്ദ് ഷോപിയാന്‍ ജില്ലയിലേക്ക് എത്തുന്നത്.ഷോപിയാനിലെ സവോറയിലായിരുന്നു ബറ്റാലിയന്റെ ആസ്ഥാനം.

കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അമിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഷോപിയാനെ കാക്കാന്‍ മേജര്‍ മുകുന്ദെത്തി.തീവ്രവാദികളില്‍ നിന്നുള്ള വെല്ലുവിളി ഇല്ലാതാക്കുക, പ്രദേശത്ത് സമാധാനജീവിതം പുന:സ്ഥാപിക്കുക എന്നതായിരുന്നു രാജ്യം ആ സൈനിക വിഭാഗത്തെ അന്ന് ഏല്‍പ്പിച്ച ദൗത്യം.പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന വിവിധ ഓപ്പറേഷനുകളില്‍ തന്റെ ബുദ്ധിയും ധൈര്യവും കൊണ്ട് മേജര്‍ മുകുന്ദ് ശ്രദ്ധനേടി.ഒരുകൂട്ടം തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിഷ്‌കരുണം കൊലപ്പെടുത്തിയതിന്റെ പിറ്റേന്നാള്‍.കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രില്‍ 25.

ഷോപിയാനിലെ ക്വാസിപത്രി ഗ്രാമത്തിലെ ആപ്പിള്‍ തോട്ടങ്ങളിലൊന്നില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കും കൊടുഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു.മേജന്‍ മുകുന്ദിനെ ടീം ലീഡാക്കി കമാന്‍ഡിങ് ഓഫീസര്‍ സൈനിക സംഘത്തെ പ്രദേശത്തേക്ക് അയച്ചു.തലേന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിച്ചതും സമാന തീവ്രവാദികളാണെന്ന വിവരവും അതിനകം ഇന്‍ലിജന്‍സ് കൈമാറിയിരുന്നു.30 മിനുട്ടിനകം മേജര്‍ മുകുന്ദും സംഘവും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ആപ്പിള്‍ തോട്ടത്തിലെ വീടിനരികിലെത്തി.

ആപ്പിള്‍തോട്ടത്തിലെ ഇരുനില വീട്ടിലും ഇരുവശത്തായുള്ള രണ്ട് ഔട്ട് ഹൗസുകളിലുമായാണ് തീവ്രവാദികള്‍ ഒളിച്ചത്.തന്റെ സംഘത്തെ രണ്ടുപേര്‍ വീതമുള്ള ടീമുകളാക്കി വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേജര്‍ മുകുന്ദ് വിന്യസിച്ചു.സൈന്യം വീട് വളഞ്ഞെന്ന് തിരിച്ചറിഞ്ഞ അല്‍ത്താഫ് വാനിയും സംഘവും വെടിയുതിര്‍ത്ത് സൈന്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങി.തിരിച്ചും സൈനികര്‍ വെടുയുതിര്‍ത്തു.ഒരുമണിക്കൂര്‍ ഈ വെടിവയ്പ്പ് നീണ്ടു.അടച്ചിട്ട വീടിന്റെ ഉള്ളില്‍ സുരക്ഷിതരായി നില്‍ക്കുന്ന ഭീകരരെ പുറത്തെത്തിക്കാന്‍ മറവില്‍ നിന്നുള്ള ആ വെടിവയ്പ്പ് ഗുണം ചെയ്യില്ലെന്ന് മേജര്‍ മുകുന്ദിന് അറിയാമായിരുന്നു.മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും സൈനികരെ വെല്ലുവിളിച്ച് വീടിന്റെ പ്രധാനവാതിലിന് മുന്നിലേക്ക് കയറിവന്നു.

നിമിഷങ്ങള്‍ക്കം വീടിന്റെ വാതിലില്‍ സ്‌ഫോടക വസ്തു വച്ച് മേജര്‍ മുകുന്ദ് വാതില്‍ തകര്‍ത്തു.വീടിന് മുന്നിലേക്ക് സൈനികര്‍ ഇരച്ചുകയറുകയും അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഭീകരര്‍ ഉത്തരമില്ലാതാവുകയും ചെയ്തു.നിമിഷങ്ങള്‍ക്കം ഒരുഭീകരന്‍ മേജര്‍ മുകുന്ദിന്റെ വെടിയുണ്ടയേറ്റ് നിലംപതിച്ചു.ബാക്കിയുള്ള രണ്ട് ഭീകരര്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞുകൊണ്ട് ഔട്ട്ഹൗസിലേക്ക് നീങ്ങി.ഈ നീക്കം തിരിച്ചറിഞ്ഞ മേജര്‍ മുകുന്ദ് അടുത്ത നിമിഷം ഒരുഗ്രനേഡ് ഔട്ട്ഹൗസിനുള്ളിലേക്ക് എറിഞ്ഞു. സെക്കന്‍ഡുകള്‍ കൊണ്ട് ഔട്ട്ഹൗസ് തരിപ്പണമായി.ഒരുഭീകരന്‍ കൂടി മരിച്ചുവീണു.

പക്ഷെ അപ്പോഴും ഭീകരസംഘത്തിന്റെ തലവനായ അല്‍ത്താഫ് വാനി ഔട്ട് ഹൗസിനരികില്‍ നിന്ന് മുകുന്ദിന്റെ സഹസൈനീകനായ വിക്രം സിങ്ങിന് നേരെ വെടിയുതിര്‍ത്ത് ആപ്പിള്‍ത്തോട്ടത്തിലേക്ക് മറഞ്ഞു.വാനിയുടെ അപ്രതീക്ഷിത പ്രത്യാക്രമണം വിക്രം സിങ്ങിന്റെ ജീവനെടുത്തു.കഴുത്തിലും മുഖത്തുമാണ് വെടിയേറ്റത്.അപ്രതീക്ഷിത തിരിച്ചടിയില്‍ സ്തംബിച്ച് നില്‍ക്കാതെ ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന വാനിയെ നിമിഷങ്ങള്‍ക്കം മേജര്‍ മുകുന്ദും ടീമും വളഞ്ഞു.




അല്‍ത്താഫ് വാനിയുടെ വധവും ഓപ്പറേഷന്റെ വിജയവും

സൈന്യം ആപ്പിള്‍ മരങ്ങള്‍ വളഞ്ഞതോടെ വീണ്ടും അല്‍ത്താവ് വാനിയുമായി വെടിവയ്പ്പ് തുടങ്ങി.ആ സമയത്താണ് മേജര്‍ മുകുന്ദ് ഒരു കാര്യം ശ്രദ്ധിക്കുന്നത്.അല്‍ത്താഫ് വാനിയിരിക്കുന്ന ആപ്പിള്‍ മറവില്‍ നിന്ന് തുരുതുരാ വെടിപൊട്ടുന്നില്ല.ഇടവിട്ട് മാത്രമാണ് അയാള്‍ നിറയൊഴിക്കുന്നത്.അടുത്ത ക്ഷണം വാനിയുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പ് നിലച്ചു.സൈനികര്‍ അമ്പരന്നു. ആകെ ആശയക്കുഴപ്പം. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.

എന്നാല്‍, മേജര്‍ മുകുന്ദ് ശാന്തനായിരുന്നു.കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ചെറുപ്പത്തിലേ യൂണിഫോമണിഞ്ഞ മേജര്‍ മുകുന്ദ് വരദരാജനോട് ആരും പറയേണ്ടതില്ലായിരുന്നു.അല്‍ത്താഫിന്റെ ബുള്ളെറ്റുകള്‍ കഴിയാറായിരിക്കുന്നു.അവസാന വെടിയുണ്ട വരെ പോരാടുകയല്ലാതെ അല്‍ത്താഫിന് മറ്റൊരു മാര്‍ഗവുമില്ല. മേജറിന് അക്കാര്യം ഉറപ്പായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. അല്‍ത്താഫ് വാനിയുടെ അവസാന ബുള്ളറ്റും തീര്‍ന്നു.തൊട്ടടുത്ത നിമിഷം സൈന്യം നിര്‍ണ്ണായക നീക്കം നടത്തി.തന്ത്രപരമായ ഇടപെടല്‍. അല്‍ത്താഫ് വാനി കൊല്ലപ്പെട്ടു.

മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം.ഇതോടെ ഇന്ത്യന്‍ മിലിട്ടറിയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുകയായിരുന്നു ഓപ്പറേഷന്‍ ഖാസിപത്രയും മേജര്‍ മുകുന്ദിന്റെ അസാധാരണ പോരാട്ട മികവും.

ശരീരത്തിലെ മൂന്ന് ബുള്ളറ്റുകള്‍ ശ്രദ്ധിച്ചില്ല..അച്ഛനോട് പറഞ്ഞ വാക്കുപാലിച്ചു പക്ഷെ

ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു.

ഓപ്പറേഷന്‍ വിജയിച്ച് നില്‍ക്കുന്ന ആ നിമിഷത്തിലാണ് മേജര്‍ മുകുന്ദ് തന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ ഏറ്റെന്ന് പറയുന്നത്. തുടര്‍ച്ചയായ വെടിവയ്പ്പിനിടെ എപ്പോഴോ ശരീരത്തില്‍ തറച്ച ആ ബുള്ളറ്റുകള്‍ മുകുന്ദിനെ തളര്‍ത്തി.പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.

ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.ഏറ്റുമുട്ടലില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഭീകരരിലെ മൂന്നാമനുനായ അല്‍ത്താഫ് വാനിയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ മേജര്‍ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു.തീവ്രവാദി നേതാവിനെ വധിക്കുന്നതിനിടെ, തീവ്രവാദിയുടെ തോക്കില്‍ നിന്നുതിര്‍ന്ന ഒരു ബുള്ളറ്റ്, വയറിന്റെ വലതുവശം തുളച്ച് കയറി കരളിനെ പരിക്കേല്‍പ്പിച്ചു.

തുളഞ്ഞു കയറിയ ആ ബുള്ളറ്റാണ് മുകുന്ദിന്റെ ജീവന്‍ അപഹരിച്ചത്.മരണത്തിന് 13 ദിവസം മുന്‍പായിരുന്നു മുകുന്ദിന്റെ ജന്മദിനം.

മേജര്‍ മുകുന്ദ് വരദരാജന് 31 വയസ്സ് തികഞ്ഞ, 2014 ഏപ്രില്‍ 12-ന്, പിതാവ് വരദരാജന്‍ അതി രാവിലെ തന്നെ വാട്ട്‌സ്അപ് വഴി ജന്മദിനാശംസകള്‍ നേര്‍ന്നു.ഡ്യൂട്ടിക്കിടയിലായിരുന്നതിനാല്‍ വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞ് ജന്മദിനാശംസകള്‍ക്ക് നന്ദി നേര്‍ന്നുള്ള സന്ദേശങ്ങള്‍ ഉടനടി പിതാവിന് ലഭിച്ചു.

വൈകുന്നേരത്തെ ഫോണ്‍ സംഭാഷണത്തില്‍ എപ്പോഴത്തെയും പോലെ അച്ഛനോട് കുറച്ചും അമ്മയോട് ഒരുപാടും സംസാരിച്ചു.

എന്നാല്‍ ജന്മദിനാശംസകള്‍ക്ക് മറുപടിയായി പിതാവിന് അയച്ച സന്ദേശങ്ങളിലൊന്ന് രഹസ്യമായിരുന്നു.പത്തു ദിവസത്തെ ലീവ് എടുത്ത് മെയ് ആദ്യവാരം വീട്ടിലേക്ക് വരാന്‍ പോവുകയാണെന്നും, പക്ഷെ ഈ വിവരം തന്റെ പ്രിയതമ ഇന്ദു അറിയാതെ രഹസ്യമയിരിക്കണമെന്നുമായിരുന്നു അത്.പ്രിയപ്പെട്ടവള്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കാന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.

പക്ഷെ കുറച്ച് ദിവസങ്ങള്‍ക്കപ്പുറം മെയ് ആദ്യവാരത്തെ ലീവിന് കാത്തു നില്‍ക്കാതെ അദേഹം തന്റെ ജീവന്റെ ജീവനായിരുന്ന പ്രിയപ്പെട്ടവരിലേക്കെത്തി.അവര്‍ക്കൊരിക്കലും മറക്കാന്‍ പറ്റാത്ത തീരാവേദനയുടെ സര്‍പ്രൈസ് നല്‍കിക്കൊണ്ട്.അദ്ദേഹത്തിന്റെ മരണവാര്‍ത്ത 2014 ഏപ്രില്‍ 25 ന് സ്വഭവനത്തില്‍ എത്തി.

മുകുന്ദിന്റെ വാക്കുകാത്ത ഇന്ദുവും മരണാനന്തര ബഹുമതിയായി അശോക ചക്രയും

'എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..'.2015ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് തന്റെ ജീവിത പങ്കാളിയുടെ ധീരതയ്ക്ക് മരണാനന്തരം രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര ഏറ്റുവാങ്ങിയശേഷം മലയാളികൂടിയായ ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.ഒരു തരത്തില്‍ തന്റെ ഭര്‍ത്താവിന് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കുകയായിരുന്നു ഇന്ദു.



രാജ്യത്തിനു വേണ്ടിയുള്ള ഡ്യൂട്ടിക്കിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കരയരുത് എന്നതായിരുന്നു മേജര്‍ മുകുന്ദ് ഭാര്യയോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നത്.അതാണ് പുരസ്‌കാര വേദിയില്‍ ഇന്ദു പാലിച്ചതും.അന്ന് ഒരുതുള്ളികണ്ണുനീര്‍ പൊടിക്കാതെ അഭിമാനത്തോടെ തലയയുര്‍ത്തി പിടിച്ച് ഇന്ദു ആ അശോകചക്ര തന്റെ മാറോട് അടുപ്പിച്ചു.അന്ന് ഇന്ദുകാണിച്ച ആത്മവിശ്വാസത്തിന് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണ് കൈയടിച്ചത്.

മേജര്‍ മുകുന്ദ് കാണിച്ച ധീരതയ്ക്കും രാജ്യത്തിന് നല്‍കിയ സംഭാവനയ്ക്കും ആദരമായി രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.2015-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ മേജര്‍ മുകുന്ദിന്റെ ജീവിത പങ്കാളി ഇന്ദു റബേക്ക വര്‍ഗീസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അശോക ചക്ര സ്വീകരിച്ചു.



മേജര്‍ മുകുന്ദ് അമരനായി വെള്ളിത്തിരയിലേക്ക്

മേജര്‍ വരദരാജന്റെ ധീരതയെക്കുറിച്ച് ശിവ് അരൂരും രാഹുല്‍ സിംഗും രചിച്ച ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേണ്‍ മിലിട്ടറി എന്ന പുസ്തക പരമ്പരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മുകുന്ദിന്റെ ജീവതം സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി അമരനെന്ന പേരില്‍ വെള്ളിത്തരയിലെത്തിക്കുന്നത്.മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയനെത്തുമ്പോള്‍ ഭാര്യ ഇന്ദുവായെത്തുന്നത് സായി പല്ലവിയാണ്.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടപ്പോള്‍ അത് പങ്കുവച്ച് മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വികാരഭരിതമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.അമരന്‍..മരണമില്ലത്തവന്‍..ഇത് എങ്ങനെ പറയണമെന്ന് ഞാന്‍ ആയിരം തവണ ചിന്തിച്ചു, പക്ഷേ എല്ലായ്പ്പോഴും എന്നപോലെ ഞാന്‍ ഹൃദയത്തെ അത് പറയാന്‍ പഠിപ്പിച്ചു.ഒരു ദശാബ്ദം കടന്നുപോയി.

ഇപ്പോള്‍ വെള്ളിത്തിരയില്‍ അദ്ദേഹത്തിന്റെ സ്മരണയും ദേശസ്നേഹവും എന്നെന്നേക്കുമായി അനശ്വരമാകുന്ന സമയമാണിത്.

ഞാന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നു.പക്ഷേ ഈ ആവേശം എന്നെന്നേക്കുമായി മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേര്‍ന്നതാണ് എന്നാണ് ഇന്ദു റബേക്ക വര്‍ഗീസ് എഴുതിയത്.ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തെത്തി.ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം മോഹന്‍, സംവിധായകന്‍ ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.




മേജറിന്റെ മൂന്നു കാലഘട്ടത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.അതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു.ഇതിനായി മെലിഞ്ഞ് കൌമരക്കാരന്റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്.ഈ മാസം 31 ന് ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും.

'അമരന്‍ എന്നാല്‍ മരണമില്ലാത്തവന്‍''ഇതല്ലാതെ മറ്റേത് പേരാണ് ആ ധീര രക്തസാക്ഷിയുടെ ബയോപിക്കിന് യോജിക്കുക.

Tags:    

Similar News