ആറ് പതിറ്റാണ്ടോളം രത്തന്‍ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; വില്‍പത്രത്തില്‍ 500 കോടിയോളം രൂപയുടെ അവകാശിയാകും വരെ അധികം ആരും കേട്ടിട്ടില്ല ഈ 74 കാരനെ കുറിച്ച്; രത്തന്റെ സ്വത്തിന്റെ മൂന്നില്‍ ഒരുഭാഗം നീക്കി വച്ച മോഹിനി മോഹന്‍ ദത്ത ആരാണ്?
മോഹിനി മോഹന്‍ ദത്ത ആരാണ്?
മുംബൈ: നാലുമാസം മുമ്പ് അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തെ കുറിച്ചാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച. തന്റെ വില്‍പത്രത്തില്‍, 500 കോടി രൂപ രത്തന്‍ മാറ്റി വച്ച മോഹിനി മോഹന്‍ ദത്ത ആരാണെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. 2024 ഒക്ടോബറില്‍ അന്തരിക്കുന്നതിന് മുന്നോടിയായി രത്തന്‍ തയ്യാറാക്കിയ വില്‍പത്രത്തിന്റെ മൂന്നില്‍ ഒരുഭാഗം 74-കാരനായ മോഹിനി മോഹന്‍ ദത്തയ്ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ടാറ്റ കുടുംബത്തിനോ, രത്തന്‍ ടാറ്റയുടെ അടുപ്പക്കാര്‍ക്കോ പോലും അധികം അറിയില്ല മോഹിനി മോഹന്‍ ദത്തയെ.
ആരാണ് മോഹിനി മോഹന്‍ ദത്ത?
തനിക്ക് 24 വയസുള്ളപ്പോഴാണ് ജംഷദ്പൂരില്‍ ഡീലേഴ്‌സ് ഹോസ്റ്റലില്‍ വച്ച് രത്തന്‍ ടാറ്റയെ ആദ്യമായി കണ്ടത് മോഹിനി മോഹന്‍ ദത്ത പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു ജംഷദ്പൂര്‍ കേന്ദ്രമായുള്ള വ്യവസായ സംരംഭകനായ മോഹിനി മോഹന്‍ ദത്ത സ്റ്റാലിയന്‍ ട്രാവല്‍ ഏജന്‍സി സഹസ്ഥാപകനാണ്. സ്റ്റാലിയന്‍ പിന്നീട് ടാറ്റ സര്‍വീസസിന്റെ ഭാഗമായി മാറി. ലയനത്തിന് മുമ്പ് ദത്തയ്ക്ക് 80 ശതമാനം ഓഹരിയും, ടാറ്റ ഇന്‍ഡസ്ട്രീസിന് 20 ശതമാനം ഓഹരിയും ആണുണ്ടായിരുന്നത്.
ടാറ്റ കുടുംബത്തോട് എപ്പോഴും അടുത്തിടപഴകിയിരുന്ന വ്യക്തിയാണ് താനെന്ന് ദത്ത പറയുന്നു. 'രത്തന്‍ എന്നെ വളരെയേറെ സഹായിച്ചു, എന്നെ വ്യവസായ മേഖലയില്‍ വളര്‍ത്തി' മോഹിനി മോഹന്‍ ദത്ത ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ. രത്തന്‍ ടാറ്റയുമായി ആറുപതിറ്റാണ്ടുകാലത്തെ അടുപ്പമുണ്ട് ദത്തയ്ക്ക് എന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ മുംബൈയില്‍ നടന്ന രത്തന്‍ ടാറ്റയുടെ ജന്മവാര്‍ഷികാഘോഷത്തില്‍ ദത്ത പങ്കെടുത്തിരുന്നു. ദത്തയുടെ രണ്ടുപെണ്‍മക്കളില്‍ ഒരാള്‍ താജ് ഹോട്ടലിലും പിന്നീട് ടാറ്റ ട്രസ്റ്റിലും ഒന്‍പതു കൊല്ലത്തോളം ജോലിചെയ്തിട്ടുണ്ട്.
ഒസ്യത്തുപ്രകാരം ദത്തയ്ക്ക് ലഭിക്കുന്ന അഞ്ഞൂറുകോടി രൂപയില്‍, 350 കോടിയില്‍ അധികം രൂപയുടേത് ബാങ്ക് നിക്ഷേപമാണ്. പെയിന്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവസ്തുക്കള്‍ ലേലത്തില്‍ വിറ്റുലഭിക്കുന്ന തുകയും 74-കാരനായ ദത്തയ്ക്ക് ലഭിക്കും. രത്തന്റെ സ്വത്തിലെ അവശേഷിക്കുന്ന രണ്ടുഭാഗം അര്‍ദ്ധ സഹോദരിമാരായ ഷിരീനും ഡിയാനയ്ക്കുമാണ് ലഭിക്കുക. തന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിനും രത്തന്‍ ഒരു ഭാഗം സ്വത്ത് നീക്കി വച്ചിരുന്നു. തന്റെ വളര്‍ത്തുനായ ടിറ്റോയുടെ ജീവിതകാലത്തേക്കുള്ള സംരക്ഷണത്തിനും തുക നീക്കി വച്ചു. ടാറ്റ സണ്‍സിലെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. അലിബാഗിലെ ബീച്ച് ബംഗ്ലാവ്, ജൂഹുവിലെ രണ്ടുനില കെട്ടിടം, 350 കോടിയിലേറെ സ്ഥിര നിക്ഷേപം, ടാറ്റ സണ്‍സ് ഓഹരി എന്നിവയെല്ലാം രത്തന്‍ ടാറ്റയുടെ ഓഹരികളില്‍ ഉള്‍പ്പെടുന്നു.
ഹൈക്കോടതിയുടെ അംഗീകാരത്തോടെ മാത്രമേ വില്‍പത്രം നടപ്പാക്കൂ. നടപടിക്രമങ്ങള്‍ക്കായി ഏകദേശം ആറുമാസത്തോളം എടുത്തേക്കും.