പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത നാണംകുണുങ്ങി; വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് നഗരത്തിന് പ്രഥമ വനിത എത്തുമ്പോള്‍ അത് ജെന്‍ സിയിലെ ആദ്യ അംഗമെന്ന ചരിത്രം കുറിക്കലും; 'എന്റെ ഭാര്യ മാത്രമല്ല, സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ച കലാകാരി'യെന്ന് മംദാനി വിശേഷിപ്പിച്ച വനിത; മംദാനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച റാമ ദുവാജി ആരാണ്?

ആരാണ് റാമ ദുവാജി?

Update: 2025-11-05 11:14 GMT

ന്യൂയോര്‍ക്ക്: സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റാമ ദുവാജി സന്തോഷിക്കാതിരിക്കുന്നത് എങ്ങനെ? സാധാരണഗതിയില്‍ റാമ ദുവാജി പൊതുവേദികളില്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. ക്യാമറകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ക്ക് മുന്നില്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ, അവരെ അധികം കാണാറില്ല. മംദാനിയുടെ ഭാര്യ എന്ന നിലയില്‍ ഒതുങ്ങിക്കഴിയുന്ന വ്യക്തിയുമല്ല. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രഥമവനിതായി ജെന്‍സി വിഭാഗത്തില്‍ നിന്നുള്ള അംഗമായിരിക്കുകയാണ് ദുവാജി.

മംദാനിയുടെ എല്ലാമെല്ലാമണ് ഭാര്യ റാമ ദുവാജി. സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, പൊതുജീവിതത്തിലും എപ്പോഴും കൂടെയുണ്ട് അവര്‍. പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഷോ കാണിക്കുന്നതില്‍ വലിയ താല്‍പര്യമില്ല. തിരശീലയ്ക്ക് പിന്നില്‍ വളരെ ശാന്തമായി മംദാനിയുടെ പ്രതാരണത്തിന് നേതൃത്വം വഹിച്ചു. ഭര്‍ത്താവിന്റെ ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ സാന്നിധ്യം ഉഷാറാക്കുന്നതില്‍ റാമ ദുവാജി കാട്ടുന്ന ഉത്സാഹം അറിയാന്‍ വെറുതെ ഇന്‍സറ്റ് ഒന്നുനോക്കിയാല്‍ മതി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്ര വിജയം നേടിയത്. ഇതോടെ, വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്ക് മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാന്‍ഷനില്‍ ഒരു പ്രഥമ വനിത എത്തുകയാണ്. വിജയാഹ്ലാദ പ്രകടനത്തില്‍ ഫസ്റ്റ് ലേഡിക്ക് വരാതിരിക്കാനാവില്ലല്ലോ. അതുകൊണ്ട് ആവശ്യം വന്നപ്പോള്‍, മംദാനിക്കൊപ്പം വോട്ടര്‍മാരെ അഭിവാദ്യം ചെയ്യാന്‍ മടി കാട്ടാതെ എത്തി.



ഇതിനുമുമ്പ് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്‌ക്കെതിരായ ഡെമോക്രാറ്റിക് പ്രൈമറി വിജയത്തിന് ശേഷമാണ് അവര്‍ ഭര്‍ത്താവിനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

ആരാണ് റാമ ദുവാജി?

സിറിയന്‍-അമേരിക്കന്‍ കലാകാരിയും ഇലസ്‌ട്രേറ്ററുമാണ് 28ാരിയായ റാമ ദുവാജി. 2021-ല്‍ അവര്‍ യുഎസിലേക്ക് ചേക്കറി. ഈ വര്‍ഷം ആദ്യമായിരുന്നു മംദാനിയുമായുള്ള വിവാഹം. സിറ്റി ഹാളിലെ ആ ചടങ്ങ് ന്യൂയോര്‍ക്കിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.




സൊഹ്‌റാന്‍ മംദാനി തന്റെ പ്രചാരണം ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി രൂപപ്പെടുത്തിയവരില്‍ പ്രധാനിയാണ് ദുവാജിയെന്ന് യുഎസ് മാധ്യമങ്ങള്‍ പറയുന്നു. മഞ്ഞ, ഓറഞ്ച്, നീല നിറങ്ങളിലുള്ള പ്രചാരണ സാമഗ്രികളില്‍ ഉപയോഗിച്ച ബോള്‍ഡ് ഐക്കണോഗ്രാഫിയും ഫോണ്ടും എല്ലാം മംദാനിക്ക് വേറിട്ട താരപരിവേഷം നല്‍കി.

സ്വകാര്യ ജീവിതത്തിലെ പിന്തുണയ്ക്ക് പുറമെ, ഭര്‍ത്താവിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിലും ദുവാജിക്ക് വലിയ പങ്കുണ്ട്. തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് അവര്‍ക്ക് എപ്പോഴും താല്‍പര്യം. മംദാനിയോടൊപ്പം സംയുക്ത ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുകയോ, തിളങ്ങുന്ന മാഗസിന്‍ കവറുകളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. ഇന്‍സ്റ്റഗ്രാം പേജ് നോക്കിയാല്‍, ഫലസ്തീന്‍കാരുടെ ദുരിതവും പശ്ചിമേഷ്യയിലെ സ്ത്രീകളും ഒക്കെ വിഷയമാക്കിയുള്ള കലാസൃഷ്ടികളാണ് കൂടുതലും കാണാന്‍ കഴിയുക.

ദുബായില്‍ വിദ്യാഭ്യാസം നേടിയ ഈ സിറിയന്‍-അമേരിക്കന്‍ കലാകാരി ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് താമസിക്കുന്നത്. ഇന്‍സ്റ്റാ ബയോയില്‍ ഡമാസ്‌കസില്‍ നിന്നുള്ളയാള്‍ എന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ 'വംശീയമായി സിറിയന്‍' ആണെന്നും ടെക്സസില്‍ ജനിച്ചു എന്നുമാണ് പറയുന്നത്.



മംദാനിയെ കണ്ടുമുട്ടിയത്...

നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡേറ്റിംഗ് ആപ്പായ ഹിഞ്ചില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് 2024 ഡിസംബറില്‍ ദുബായില്‍ വിവാഹനിശ്ചയവും നിക്കാഹ് ചടങ്ങും നടത്തി. ഈ വര്‍ഷം ആദ്യം ന്യൂയോര്‍ക്ക് സിറ്റി ക്ലാര്‍ക്കിന്റെ ഓഫീസില്‍ വെച്ച് വിവാഹം ഔദ്യോഗികമായി നടന്നു. 'റാമ എന്റെ ഭാര്യ മാത്രമല്ല, സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ച കലാകാരിയാണ്,' മംദാനി വിവാഹ വിവരം അറിയിച്ചുകൊണ്ട് മെയ് 12-ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.




ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ചിത്രീകരണത്തില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ബിരുദം നേടിയ കലാകാരിയാണ് റാമ ദുവാജി. ദി ന്യൂയോര്‍ക്കര്‍, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ബിബിസി, ആപ്പിള്‍, സ്‌പോട്ടിഫൈ, വൈസ്, ലണ്ടനിലെ ടേറ്റ് മോഡേണ്‍ എന്നിവയില്‍ ഇവരുടെ സൃഷ്ടികള്‍ ഇടം നേടിയിട്ടുണ്ട്. സാഹോദര്യം, അറബ് അസ്തിത്വം, സാമൂഹിക അനുഭവം, രാഷ്ട്രീയ പ്രതിരോധം എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഇസ്രയേലിന്റെ അക്രമം, വംശീയ ഉന്മൂലനം, യുഎസ് പങ്കാളിത്തം എന്നിവ ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ അനുകൂല സന്ദേശങ്ങളിലാണ് കലാസൃഷ്ടികളില്‍ പ്രത്യക്ഷപ്പെടുക. 'ഒരു കലാകാരന്റെ കടമ... കാലത്തെ പ്രതിഫലിക്കുക എന്നതാണ്,' എന്ന ഗായിക നീന സിമോണിന്റെ വാക്കുകള്‍ അവര്‍ ഒരഭിമുഖത്തില്‍ ഉദ്ധരിച്ചിരുന്നു. കൈകൊണ്ട് വരച്ച നീലയും വെള്ളയും കലര്‍ന്ന പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള സെറാമിക്‌സ് സൃഷ്ടികളും ദുവാജിയുടേതായുണ്ട്.




തന്റെ കലാസൃഷ്ടികളും രാഷ്ട്രീയ വ്യാഖ്യാനങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ക്ക് ഏകദേശം 2.35 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Tags:    

Similar News