എഫ്-35 ബി പോര്‍ വിമാനം തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് പറക്കാതെ ഓസ്‌ട്രേലിയയിലേക്ക് പറന്നത് എന്തുകൊണ്ട്? വിമാനം മടങ്ങിയതായി സ്ഥിരീകരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി; 35 ദിവസത്തെ പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ടി വരിക 9 ലക്ഷത്തിലേറെ; ഫീസ് ആരുനല്‍കും?
എഫ്-35 ബി പോര്‍ വിമാനം ലണ്ടനിലേക്ക് പറക്കാതെ ഓസ്‌ട്രേലിയയിലേക്ക് പറന്നത് എന്തുകൊണ്ട്?
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുങ്ങി പോയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ബി പോര്‍ വിമാനം ഒരുമാസത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പറന്നത് ഓസ്‌ട്രേലിയയിലേക്ക്. യുകെ എഞ്ചിനിയറിങ് സംഘം അറ്റകുറ്റപ്പണിയും, സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയതോടെ വിമാനം സജീവ സര്‍വീസിലേക്ക് മടങ്ങിയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു.
എന്തുകൊണ്ടാണ് വിമാനം ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലേക്ക് പറന്നതെന്ന് വ്യക്തമല്ല. ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ചഎംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാന വാഹിനി കപ്പല്‍ മേഖലയില്‍ ഉള്ളത് കൊണ്ടാവാം അങ്ങോട്ടേക്ക് പറന്നതെന്നാണ് അനുമാനം. ഈ കപ്പല്‍ വ്യൂഹത്തിന്റെ ഭാഗമാണ്് എഫ്-35 ബി പോര്‍വിമാനം. ഈ കപ്പല്‍ വ്യൂഹം ഓസ്‌ട്രേലിയന്‍ തീരത്ത് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്‌സില്‍ പങ്കുവച്ചിരുന്നു.
ജൂണ്‍ 14 ന് വിമാനത്താവളത്തിലിറങ്ങിയ എഫ്-35ബി ഇന്നലെയാണ് ഹാംഗറില്‍ നിന്നും പുറത്തിറക്കിയത്. രണ്ടാഴ്ചയാണ് പോര്‍വിമാനത്തിന് അറ്റകുറ്റപണിക്ക് ആവശ്യമായി വന്നത്. ഇന്ത്യയില്‍ തങ്ങിയ കാലയളവില്‍ വന്‍തുക ബില്ലായി നല്‍കേണ്ടി വരും. ദിവസവും 26,000 രൂപയായിരുന്നു വാടക. 35 ദിവസം തിരുവനന്തപുരത്ത് പാര്‍ക്ക് ചെയ്തതിന് 9 ലക്ഷത്തിലേറെ രൂപ വാടക നല്‍കേണ്ടി വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിന്റെ വലുപ്പവും, ഭാരവും, വിമാനത്താവളം ഉപയോഗിച്ച ദിവസങ്ങളുടെ എണ്ണം, വിമാനത്താവളത്തില്‍ ക്രൂ ഉപയോഗിച്ച സൗകര്യങ്ങള്‍ എന്നിവ കണക്കാക്കിയാണ് തുക നിശ്ചയിക്കുക. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പ്, ബ്രിട്ടീഷ് അധികൃതര്‍ക്ക് വേണ്ടി ഈ ഫീസ് അടയ്ക്കും. ജൂണ്‍ 14 മുതല്‍ തിരുവനന്തപുരത്ത് വിമാനം പാര്‍ക്ക് ചെയ്ത ഓരോ ദിവസത്തിനും പാര്‍ക്കിംഗ് ഫീസ് വിമാനത്താവളം ഈടാക്കുമ്പോള്‍, ഹാംഗര്‍ സൗകര്യം ഉപയോഗിക്കുന്നതിനുള്ള ഫീസ് ഹാംഗറിന്റെ ഉടമസ്ഥരും അറ്റകുറ്റപ്പണികള്‍, ഓവര്‍ഹോള്‍ സൗകര്യം എന്നിവ നല്‍കുന്ന കിയ എഐ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് ഈടാക്കുക.
എഫ് 35 ജൂണ്‍ 14നാണ് നിരീക്ഷണ പറക്കലിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇന്ധനം നിറച്ച് തുടര്‍പറക്കലിനൊരുങ്ങിയപ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ബ്രിട്ടണില്‍ നിന്ന് 24 അംഗങ്ങള്‍ എത്തിയതിന് ശേഷമാണ് തകരാര്‍ പരിഹരിച്ചത്. ഇവരില്‍ 14 പേര്‍ സാങ്കേതിക വിദഗ്ധരാണ്. പത്ത് പേര്‍ വിമാനത്തിന്റെ ക്രൂ അംഗങ്ങളാണ്. വിമാനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ വ്യോമസേന സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റി തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചത്.അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കന്‍ നിര്‍മിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുള്‍പ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാല്‍ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്.