വിഭാഗീയത തരിമ്പും വെച്ചുപൊറുപ്പിക്കില്ല; കരുനാഗപ്പള്ളിയിലെ ചേരിപ്പോരിന്റെ പേരില്‍ സൂസന്‍ കോടിക്ക് സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടമായി; സംസ്ഥാന സമ്മേളനത്തില്‍ കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യവും അനുവദിച്ചില്ല; മാറ്റി നിര്‍ത്തല്‍ താത്കാലികമെന്ന് സൂസന്‍ കോടി
കരുനാഗപ്പള്ളിയിലെ ചേരിപ്പോരിന്റെ പേരില്‍ സൂസന്‍ കോടിക്ക് സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടമായി
കൊല്ലം: സിപിഎമ്മില്‍, വിഭാഗീയത ഇനി വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിലൂടെ നേതൃത്വം നല്‍കുന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരിലാണ് വനിതാ നേതാവ് സൂസന്‍ കോടിയെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയത്. സൂസന്‍ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയില്‍ വിഭാഗീയതക്ക് കാരണമായത്.
വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യമില്ല. കരുനാഗപ്പള്ളിയില്‍ കൂടുതല്‍ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം കടക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ, ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സൂസന്‍ കോടി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
മാറ്റി നിര്‍ത്തല്‍ താത്കാലികമെന്ന് സൂസന്‍ കോടി
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ പുറത്താക്കിയതല്ല താത്കാലികമായി മാറ്റി നിര്‍ത്തുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുള്ളതെന്ന് സൂസന്‍ കോടി. കരുനാഗപ്പള്ളിയില്‍ ചില വിഷയങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നുള്ള ആരെയും ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഇപ്പോഴും തുടരുന്ന വ്യക്തിയാണ് താന്‍. സംസ്ഥാന സമിതി തന്നെ അഖിലേന്ത്യ പ്രസിഡന്റും ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു താത്കാലികമായ നടപടി ആയി തന്നെ കണ്ടാല്‍ മതിയെന്ന് സൂസന്‍ കോടി വ്യക്തമാക്കി.
ഒരിക്കലും ഇതൊരു ശിക്ഷാനടപടിയുടെ ഭാഗമേ അല്ല, താന്‍ പാര്‍ട്ടി പ്രവര്‍ത്തക ആയതുകൊണ്ട് പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി ചുമതല ഉണ്ടായിരുന്നില്ല. സ്വാഭാവികമായും താന്‍ കരുനാഗപ്പള്ളിയിലെ താമസക്കാരി ആയതിനാല്‍ തന്നെ അവിടെ എന്ത് നടന്നാലും തന്നെയും ബാധിക്കും, ആ തരത്തിലാകാം പാര്‍ട്ടിയുടെ ഈ തീരുമാനം. കരുനാഗപ്പള്ളിയില്‍ താന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ഒരു ശ്രദ്ധ കുറവും ഉണ്ടായിട്ടില്ല. ഇനി അടുത്ത തവണ സംസ്ഥാന കമ്മിറ്റിയില്‍ വേണമോ വേണ്ടയോ എന്നുള്ള കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സൂസന്‍ കോടി പറഞ്ഞു.