'ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്': ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ദിലീപ് മാധ്യമപ്പടയെ സാക്ഷിയാക്കി സംസാരിച്ചപ്പോള്‍, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരുപറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. 'ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആ ഗൂഢാലോചന അന്വേഷിക്കണം എന്നും മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്.'- ഇതുവരെ ഒരു വേദിയിലും മഞ്ജു വാര്യര്‍ക്കെതിരെ ഒന്നും മിണ്ടാതിരുന്ന ദിലീപിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. വിവാഹ മോചിതരായെങ്കിലും ദിലീപും മഞ്ജു വാര്യരും പരസ്പരം ഇതുവരെ ഒന്നും വിമര്‍ശിച്ച് പറഞ്ഞിരുന്നില്ല എന്നത് കൂടി ഓര്‍ക്കണം. ദിലീപിന്റെ കമന്റ് കേള്‍ക്കേണ്ട താമസം മഞ്ജുവിന് എതിരെ സൈബറാക്രമണവും തുടങ്ങി. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്ന നറേറ്റീവ് വളര്‍ത്താനാണ് ദിലീപിന്റെ ശ്രമം.
തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് 'അമ്മ'യുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തിനു ശേഷമെന്നും ദിലീപ് പറഞ്ഞു. 'അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലീസും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. അതിനായി മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് കൂട്ടുപിടിച്ചു. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു.
ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നു പറയുന്നത് എന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതാണ്. സമൂഹത്തില്‍ എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദി പറയുന്നു. വക്കീലായ രാമന്‍പിള്ളയോടും നന്ദി.''ദിലീപ് പറഞ്ഞു.
രാമന്‍ പിള്ളയുടെ വാക്കുകളിലും സൂചന
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടന്നത് കള്ളക്കേസ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞത്. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബി രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.
ദിലീപിനെതിരെ നടന്നത് കള്ളക്കേസ് ആണെന്ന് മനസിലാക്കിയത് കൊണ്ടാണ് കേസില്‍ നിന്ന് മാറാതിരുന്നത്. ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വര്‍ഷത്തെ കരിയറിന് ഇടയില്‍ ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിയത് ഇത് കൊണ്ടാണ്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്.
അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പോലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്.' - രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബര്‍ ആയപ്പോഴേക്കും 200 സാക്ഷികളെ വിസ്തരിച്ചു. ലാസ്റ്റ് വിറ്റ്‌നസ് ബൈജു പൗലോസ് ആയിരുന്നു. അയാളുടെ മൊഴിയെടുക്കാന്‍ വച്ച ദിവസമാണ് അന്ന് ഒരുകാര്യവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് പെറ്റീഷന്‍ കൊടുത്തതോടെയാണ് തുടരന്വേഷണം ഉണ്ടായത്. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരായതുമില്ല. അങ്ങനെയാണ് മാറിപ്പോകുന്നത്. അല്ലെങ്കില്‍ 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. അയാള്‍ പറയുന്നതൊന്നും അംഗീകരിച്ചില്ല. കേസില്‍ ബാലചന്ദ്രകുമാര്‍ വന്നത് ആസൂത്രിതമായിരുന്നു.
ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ആ ടീമിലെ ഏറ്റവും ജൂനിയര്‍ ആയിട്ടുള്ള ബൈജു പൗലോസിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡിവൈഎസ്പിമാരും എസ്പിമാരുമുണ്ട്. എന്നിട്ടാണ് ബൈജു പൗലോസിനെ ഏല്‍പ്പിച്ചത്. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. 200 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാണ് വെറൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം നമ്പര്‍ സിക്‌സ് എന്ന് പറഞ്ഞ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായിട്ട് ദിലീപ് കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് ഒരു കാര്യവുമില്ലാതെ കേസുമായി വന്നു. തെളിവിന് ഒരു മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണം. അതിന് ദിലീപിന്റെ പ്രായമായ അമ്മ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സത്യമല്ലാത്ത തെളിവ് ഹാജരാക്കിയ കേസാണിത്.'- രാമന്‍പിള്ള പറഞ്ഞു.
ബി സന്ധ്യയുടെ ടീമിനെതിരെ ദിലീപ് കേസ് കൊടുക്കുമോ?
സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതോടെ, തന്നെ കുടുക്കിയ പോലീസുകാര്‍ക്കും പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ദിലീപ്. മുന്‍ എഡിജിപി ബി സന്ധ്യ, ബൈജു പൗലോസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അഡ്വ.രാമന്‍ പിള്ളയും നല്‍കുന്നത്. 'മഞ്ജു വാര്യര്‍ പറഞ്ഞിടത്താണ് തനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങിയത്' എന്ന ദിലീപിന്റെ പരസ്യ പ്രസ്താവന ഇനി ഗൗരവമാകും. അന്വേഷണം വന്നാല്‍, അന്ന് മഞ്ജു വാര്യര്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ സാഹചര്യമെന്ത് എന്നതില്‍ വ്യക്തത വരുത്തേണ്ടി വരും.
ദിലീപിനെ പ്രതിയാക്കാന്‍ കൃത്യമായ തെളിവുകളില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും അഭിപ്രായമുണ്ടായിരുന്നുവെന്നും, അന്നത്തെ എ.ഡി.ജി.പി ബി. സന്ധ്യയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ദിലീപ് പ്രതിയാക്കപ്പെട്ടതെന്നുമാണ് പ്രധാന ആരോപണം.
പള്‍സര്‍ സുനിയുടെ ബ്ലാക്ക്‌മെയിലിംഗ്
പള്‍സര്‍ സുനി ജയിലില്‍ നിന്ന് കത്തയച്ച ഉടനെ തന്നെ ദിലീപ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണിലും നേരിട്ടും വിളിച്ച് പരാതിപ്പെട്ടിരുന്നു. ചുരുങ്ങിയത് നാല് തവണയെങ്കിലും ഈ വിവരം ദിലീപ് ഡി.ജി.പിയെ അറിയിച്ചിട്ടും അത് പരിഗണിക്കാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് ആരോപണം.
ദിലീപ് പള്‍സര്‍ സുനിയുമായി വിലപേശുകയായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കിയ വാര്‍ത്ത അക്കാലത്ത് തന്നെ മനോരമ റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവല്‍ പുറത്തുവിട്ടിരുന്നു.
ഡി.ജി.പിയായിരുന്ന ബെഹ്റയുടെ മൊഴി പിന്നീട് അന്വേഷണ സംഘത്തിന് രേഖപ്പെടുത്തേണ്ടി വന്നു. എന്നാല്‍ ആ മൊഴി 'സീല്‍ഡ് കവറില്‍' ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ കവര്‍ തുറന്നാല്‍ കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'ഫ്രെയിം അപ്പ്' കഥകള്‍ പുറത്തുവരുമെന്നാണ് മനോരമയിലെ അനില്‍ ഇമ്മാനുവല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ സൂചിപ്പിച്ചത്.
കള്ള തെളിവുകള്‍ ഉണ്ടാക്കരുതെന്ന് ടി പി സെന്‍കുമാര്‍
1. അന്വേഷണം: തെളിവുകളില്‍ നിന്ന് പ്രതിയിലേക്ക്
ഒരു ഉത്തമ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടത് തെളിവുകളുടെ (Relevent & Admissible evidence) അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുക എന്നതാണ്. മറിച്ച്, ഒരാളെ പ്രതിയായി നിശ്ചയിച്ച ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് (Evidence planting/manufacturing) നീതിനിഷേധമാണ്. 2017-ല്‍ ഈ കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെ പ്രതിയാക്കാന്‍ തക്കവണ്ണം കൃത്യമായ തെളിവുകള്‍ അന്നുണ്ടായിരുന്നില്ല എന്നത് കോടതി വിധിയിലൂടെ ഇപ്പോള്‍ ശരിവെക്കപ്പെട്ടിരിക്കുകയാണെന്ന് സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.
2. 'പ്രീ-ഡിസ്‌പോസ്ഡ്' മനോഭാവം (Pre-disposed mindset)
അന്വേഷണസംഘം ഒരു 'ഓപ്പണ്‍ മൈന്‍ഡോടെ' വേണം നീങ്ങാന്‍. 'ഞാന്‍ പറയുന്നവനാണ് പ്രതി' എന്ന മുന്‍വിധിയോടെയുള്ള അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും നിരപരാധികളെ ക്രൂശിക്കാനും മാത്രമേ ഉപകരിക്കൂ.
3. കള്ളത്തെളിവുകളുടെ നിര്‍മ്മാണം
'ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുത്'. കള്ളത്തെളിവുകള്‍ വിചാരണവേളയില്‍ തകര്‍ന്നുപോകുമെന്ന് മാത്രമല്ല, പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്യും. ദിലീപിന്റെ കാര്യത്തില്‍ 2015-ല്‍ സുനിക്ക് പണം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം പോലും ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കാം.
4. താന്‍ സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ചുരുങ്ങിയ കാലയളവില്‍ (2 മാസക്കാലം) തന്നെ കേസിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന് മനസ്സിലാക്കിയിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
