ആവിഷ്‌കാര സ്വാതന്ത്ര്യമാണ് താന്‍ വിനിയോഗിച്ചത്; അതിനൊരിക്കലും മാപ്പ് പറയേണ്ട ആവശ്യമില്ല; ഒരു ഹാസ്യകലാകാരന്റെ വാക്കുകള്‍ക്ക് വേണ്ടി ഒരു വേദിയെ ആക്രമിക്കുന്നത് 'തക്കാളി കൊണ്ടു പോകുന്ന ലോറി മറിച്ചിടുന്നത് പോലെ'; കെട്ടിടം തകര്‍ത്തവര്‍ക്കെതിരെ കേസെടുക്കണം; ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്ര

Update: 2025-03-25 05:31 GMT

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ഹിന്ദി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ആവിഷ്‌കാര സ്വാതന്ത്ര്യമാണ് താന്‍ വിനിയോഗിച്ചത്, അതിനൊരിക്കലും മാപ്പ് പറയേണ്ട ആവശ്യമില്ല എന്ന് കുനാല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഷോ നടന്ന കെട്ടിടം അടിച്ചുതകര്‍ത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താകുറിപ്പിലാണ് വിവാദ വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

'ഒരു വിനോദ വേദി വെറുമൊരു വേദി മാത്രമാണ്. എല്ലാത്തരം ഷോകള്‍ക്കുമുള്ള ഒരിടം. എന്റെ ഹാസ്യത്തിന് ഹാബിറ്റാറ്റ് (അല്ലെങ്കില്‍ മറ്റേതെങ്കിലും വേദി) ഉത്തരവാദിയല്ല. ഞാന്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അധികാരമോ നിയന്ത്രണമോ ഇല്ല. ഒരു ഹാസ്യകലാകാരന്റെ വാക്കുകള്‍ക്ക് വേണ്ടി ഒരു വേദിയെ ആക്രമിക്കുന്നത് തക്കാളി കൊണ്ടു പോകുന്ന ലോറി മറിച്ചിടുന്നത് പോലെയാണ്. നിങ്ങള്‍ക്ക് വിളമ്പിയ ബട്ടര്‍ ചിക്കന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല.' -കുനാല്‍ കംറ വ്യക്തമാക്കി.

ഇന്നത്തെ മാധ്യമങ്ങള്‍ നമ്മളെ മറിച്ചു വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുമെങ്കിലും, നമ്മുടെ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ശക്തരെയും സമ്പന്നരെയും പ്രീതിപ്പെടുത്താന്‍ മാത്രം ഉപയോഗിക്കാനുള്ളതല്ല. ശക്തനായ ഒരു പൊതുപ്രവര്‍ത്തകന്റെ ചെലവില്‍ തമാശ പറയാന്‍ നിങ്ങള്‍ക്ക് കഴിയാത്തത് എന്റെ അവകാശത്തെ മാറ്റം വരുത്തില്ല. എനിക്കറിയാവുന്നത് വെച്ച്, നമ്മുടെ നേതാക്കളെയും നമ്മുടെ രാഷ്ട്രീയ സംവിധാനത്തെയും പരിഹസിക്കുന്നത് നിയമത്തിന് എതിരല്ല. -കംറ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചത്തെ ഷോയില്‍ ഷിന്‍ഡെയെ 'രാജ്യദ്രോഹി' എന്നു കുനാല്‍ പറഞ്ഞെന്നാണ് ആരോപണം. 'ദില്‍ തോ പാഗല്‍ ഹേ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികള്‍ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാന്‍ കാരണം. പരിപാടിയുടെ വിഡിയോ കുനാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു ശിവസേന പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് ഇരച്ചെത്തിയത്. കുനാല്‍ വാടക കൊമേഡിയന്‍ ആണെന്നും പണത്തിനു വേണ്ടിയാണു ഷിന്‍ഡെയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നും ശിവസേന എംപി നരേഷ് മസ്‌കെ പറഞ്ഞു.

സംഭവത്തിനു പിന്നാലെ, കുനാലിന്റെ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചിടാന്‍ തീരുമാനിച്ചതായി ഉടമകള്‍ അറിയിച്ചു. ആക്രമണം ഞെട്ടിച്ചെന്നും തടസ്സമില്ലാതെ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്ന പുതിയ ഇടത്തിനായുള്ള തിരച്ചിലിലാണെന്നും ഹാബിറ്റാറ്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു. കുനാല്‍ കമ്രയ്ക്കു പിന്തുണയുമായി ശിവസേന (യുടിബി) എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തുവന്നിരുന്നു.

Tags:    

Similar News