സംഘാടകർക്ക് കണക്കുപിഴച്ചു; 10,000 കോണ്ടവും തീർന്നു; 2900 താരങ്ങൾക്ക് ഇത് തികയുന്നില്ലെന്ന് പരാതി; ഒളിമ്പിക് വില്ലേജിൽ കടുത്ത 'ക്ഷാമം'; വില്ലേജ് വിട്ട് കനേഡിയൻ ടീം ഹോട്ടലിലേക്ക്; മിലാനിലെ കോർട്ടിനയിൽ സംഭവിക്കുന്നത്

Update: 2026-02-13 10:39 GMT

മിലാൻ: മിലാൻ ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിൽ കോണ്ടം സ്റ്റോക്ക് തീർന്നതായി റിപ്പോർട്ട്. അത്‌ലറ്റുകൾക്കായി വില്ലേജിൽ സൗജന്യമായി വിതരണം ചെയ്യാൻ കരുതിയിരുന്ന 10,000 കോണ്ടം പാക്കറ്റുകൾ മത്സരങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നുപോയി. മുൻപ് നിശ്ചയിച്ചിരുന്ന 3,00,000 പാക്കറ്റുകളിൽ നിന്ന് വിതരണം വെറും 10,000 ആയി വെട്ടിക്കുറച്ചതിന് പിന്നാലെയാണിത്. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നത് സംഘാടകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

മത്സരാർത്ഥികൾക്കിടയിൽ സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായി ഒളിമ്പിക് വില്ലേജുകളിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത് ഒളിമ്പിക്സിലെ ദീർഘകാലമായുള്ള ഒരു പാരമ്പര്യമാണ്. പ്രതിരോധവും വിവേകവും' എന്ന സന്ദേശവുമായാണ് മിലാനിലെ വില്ലേജിൽ അത്‌ലറ്റുകൾക്ക് കോണ്ടം പാക്കറ്റുകൾ നൽകിയത്. ലൊംബാർഡി ഗവർണറായ ആറ്റിലിയോ ഫോണ്ടാന ഈ പാക്കറ്റുകളിൽ പ്രദേശത്തിന്റെ ഔദ്യോഗിക ചിഹ്നം പതിപ്പിക്കാനും താൽപ്പര്യപ്പെട്ടിരുന്നു.

2024 പാരിസ് ഒളിമ്പിക്സുമായി താരതമ്യം ചെയ്യുമ്പോൾ മിലാനിലെ കോര്‍ട്ടിനയിലുള്ള ഒളിമ്പിക്സ് വില്ലേജിലെ സജ്ജീകരണങ്ങൾ കുറവാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. പാരിസിൽ 10,500 താരങ്ങൾക്കായി രണ്ട് ലക്ഷത്തിലധികം കോണ്ടം പാക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ മിലാനിൽ 2900ത്തോളം കായിക താരങ്ങള്‍ക്കായി വെറും 9700 പാക്കറ്റുകൾ മാത്രം വിതരണം ചെയ്തതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

താരങ്ങൾ ആഴ്ചകളോളം ഒരേ ക്യാമ്പിൽ ഒരുമിച്ച് താമസിക്കുന്നതിനാൽ, സുരക്ഷിതമായ ശാരീരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായി പതിറ്റാണ്ടുകളായി ഒളിമ്പിക് വില്ലേജുകളിൽ കോണ്ടം വിതരണം ചെയ്യാറുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് ആവശ്യം വർദ്ധിച്ചത്.

സ്റ്റോക്ക് തീർന്നതോടെ അത്‌ലറ്റുകൾക്കിടയിൽ ഉണ്ടായ പരാതികൾ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്റ്റോക്ക് ഉടന്‍ എത്തിക്കുമെന്നും ഒളിമ്പിക്സ് അവസാനിക്കുന്നത് വരെ വിതരണം തുടരുമെന്നും സംഘാടക സമിതി ഉറപ്പുനൽകി. എങ്കിലും, കൃത്യമായ ആസൂണം ഇല്ലാത്തതിനാൽ ഉണ്ടായ പ്രതിസന്ധി ഒളിമ്പിക്സ് വേദികളിലെ പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

കായികതാരങ്ങൾക്കായി ഒരുക്കിയിട്ടുള്ള താൽക്കാലിക താമസ സമുച്ചയമാണ് കോർട്ടിന ഡി അമ്പേസോ എന്ന മിലാനിലെ ഒളിമ്പിക് വില്ലേജ്. 1,400 ബെഡുകൾ ശേഷിയുള്ള ഇവിടെ, പൊതുവായ ഇടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പാതകളോടു കൂടിയ മോഡുലാർ റെസിഡൻഷ്യൽ യൂണിറ്റുകളിലാണ് താരങ്ങൾ താമസിക്കുന്നത്. വില്ലേജിൽ വ്യക്തിപരമായ സ്വകാര്യ സമയം കണ്ടെത്തുക എന്നത് അത്‌ലറ്റുകൾക്ക് ഒരു വെല്ലുവിളിയാണെങ്കിലും, അവിടുത്തെ റിലാക്സേഷൻ റൂം ഏറെ ജനപ്രിയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെരിപ്പുകൾ പുറത്തുവെച്ച് കയറേണ്ട ഈ മുറിയിൽ, ധ്യാനത്തിനായി മങ്ങിയ വെളിച്ചവും ശാന്തമായ സംഗീതവുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, കാനഡയുടെ ടീം ഒളിമ്പിക് വില്ലേജ് വിട്ടതായും പകരം ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് താമസം മാറിയതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Similar News