മസ്‌ക്കിന്റെയും ബില്‍ ഗേറ്റ്‌സിന്റെയും മൊത്തം ആസ്തികള്‍ കൂട്ടിയാലും സൗദി രാജകുടുംബത്തിന്റെ സ്വത്തിന്റെ ഏഴയലത്ത് പോലും എത്തില്ലെന്ന് അറിയാമോ? ലോകത്തെ ഏറ്റവും സമ്പന്ന കുടുംബത്തിന്റെ കഥ; അവകാശികള്‍ 2000 പേര്‍ മാത്രം
ലോകത്തെ ഏറ്റവും സമ്പന്ന കുടുംബത്തിന്റെ കഥ; അവകാശികള്‍ 2000 പേര്‍ മാത്രം
റിയാദ്: ലോകത്തെ ഏറ്റവും സമ്പന്നമായ രാജകുടുംബം ബ്രിട്ടീഷ് രാജവംശമാണെന്നാണ് പൊതുവേ പലരും കരുതിയിരിക്കുന്നത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ഈ രാജകുടുംബത്തിന് വലിയ ആസ്തി തന്നെയാണുള്ളത്. എന്നാല്‍ ഇവരെയെല്ലാം സ്വത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുന്നത് സൗദി രാജകുടുംബമാണ് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്തി 88 ബില്യണ്‍ ഡോളറാണ്. രാജകുടുംബത്തിന്റ ആസ്തികള്‍ മാത്രമല്ല ബ്രിട്ടീഷ് രാജകുടുംബം എന്ന ബ്രാന്‍ഡും ഈ ആസ്തിയില്‍ ഉള്‍്പ്പെടുന്നു. വന്‍തോതിലുള്ള ഭൂസ്വത്തും കൊട്ടാരങ്ങളും എല്ലാം രാജകുടുംബത്തിന് വിവിധ ഭാഗങ്ങളിലായിട്ടുണ്ട്. ലോകപ്രശസ്തമായ സവോയ് ഹോട്ടലും സോമര്‍സെറ്റ് ഹൗസും എല്ലാം
ഉള്‍പ്പെടുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വകയായ ലങ്കാസ്റ്റര്‍ എസ്റ്റേറ്റിന് 755.4 മില്യന്‍ ഡോളറാണ് വില വരുന്നത്.
ചാള്‍സ് രാജാവിന്റെ സ്വകാര്യ ആസ്തികള്‍ മാത്രം 772 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ്. എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തേക്കാളും ലോക കോടീശ്വരന്‍മാരായ ഇലോണ്‍ മസ്‌ക്കിനേയും ബില്‍ഗേറ്റ്സിനേയും കടത്തി വെട്ടുന്ന സ്വത്തുക്കളാണ് സൗദി രാജകുടുംബത്തിനുള്ളത്. മസ്‌ക്കിന്റെയും ബില്‍ഗേറ്റ്സിന്റെയും മൊത്തം സ്വത്തിന്റെ നാലിരട്ടിയാണ് സൗദി രാജവംശത്തിന് സ്വന്തമായുള്ളത്. 1.4 ട്രില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സൗദി രാജകുടുംബത്തിനുള്ളത്.
ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന് 304 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കളാണ് ഉള്ളത്. ബില്‍ഗേറ്റ്സിനാകട്ടെ 105 ബില്യണ്‍ ഡോളര്‍ വില വരുന്ന ആസ്തികളാണുള്ളത്. ചുരുക്കത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ 16 ഇരട്ടി ആസ്തിയാണ് സൗദി രാജകുടുംബത്തിനുള്ളതെന്ന് ചുരുക്കം. എണ്ണ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് സൗദി രാജകുടുംബം അത്യാഡംബര ജീവിതമാണ് നയിക്കുന്നത്. ലോകമെമ്പാടും അവര്‍ക്ക് സ്വന്തമായി നിരവധി കൊട്ടാരങ്ങളുണ്ട്. കൂടാതെ ജെറ്റ് വിമാനങ്ങളും ആഡംബര നൗകകളും എല്ലാം അവര്‍ക്ക് സ്വന്തമാണ്.
കോടികള്‍ വില വരുന്ന അപൂര്‍വ്വ പെയിന്റിംഗുകളും ഇവരുടെ കൊട്ടാരങ്ങളിലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് അത് വരെ അതി സമ്പന്നമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപൂര്‍വ്വ ദേശത്തെ രാജ്യങ്ങള്‍ പലതും അതി സമ്പന്നരായി മാറിയത്. മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കോ ഭരണാധികാരികള്‍ക്കോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ആഡംബര ജീവിതമാണ് യു.എ.ഇ, കുവൈറ്റ്, ഒമാന്‍, ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ രാജകുടുംബംഗങ്ങള്‍ നയിക്കുന്നത്. ലോകത്തെ വിവിധ ബാങ്കുകളിലും ആയിരക്കണക്കിന് കോടി രൂപയാണ് ഇവരുടെ നിക്ഷേപമായിട്ടുള്ളത്.
സൗദി രാജകുടുംബത്തില്‍ പതിനയ്യായിരത്തോളം പേരാണ് അംഗങ്ങളായി ഉളളതെങ്കിലും ഇത്രയും സ്വത്തിന്റെ അവകാശികളായി ഇവരില്‍ രണ്ടായിരം പേര്‍ മാത്രമാണുള്ളത്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവാണ് നിലവിലെ രാജകുടുംബത്തിന്റെ തലവന്‍. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍ തോതില്‍ സ്വത്തുക്കളുണ്ട്. ലിയാനാര്‍ഡോ ഡാവിന്‍ചിയുടെ കോടികള്‍ വില വരുന്ന പെയിന്റിംഗുകളും രാജകുമാരന്റെ ശേഖരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.