വിനയും ഭാര്യയും നൃത്തം ചെയ്യുന്നുവെന്ന എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് അവരല്ല; തങ്ങളാണ് ആ വീഡിയോ ക്ലിപ്പില്‍ കാണുന്നതെന്ന് വെളിപ്പെടുത്തി ദമ്പതികള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഇരയായ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യയും നൃത്തം ചെയ്യുന്നുവെന്ന് പേരിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരണം. വീഡിയോയില്‍ ദൃശ്യങ്ങളില്‍ കാണപ്പെടുന്നത് തങ്ങളാണ് എന്നു റെയില്‍വേ ഉദ്യോഗസ്ഥനായ ആശിഷ് സെഹ്റാവത്തും യാഷിക ശര്‍മ്മയും വ്യക്തമാക്കിയതോടെ സാമൂഹിക മാധ്യമങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് അറുതിയായി.
ബൈസരന്‍ താഴ്വരയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ഒരു യുവദമ്പതികള്‍ നൃത്തം ചെയ്യുന്ന 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യയും എടുത്തതാണെന്ന് തെറ്റായ പ്രചാരണമുണ്ടായതോടെ, വാസ്തവം പുറത്തുകൊണ്ടുവരേണ്ട സാഹചര്യമുണ്ടായി.
കശ്മീരില്‍ 14-ാം തീയതി അവധിക്ക് എത്തിയിരുന്ന സമയത്ത് തന്നെ യാഷികയോടൊപ്പം റെക്കോര്‍ഡ് ചെയ്ത വീഡിയോയാണിത് എന്ന് സെഹ്റാവത്ത് വ്യക്തമാക്കി. വിനയ് നര്‍വാളിന്റെ കുടുംബവും ഈ ദൃശ്യങ്ങളിലുള്ളത് ഇയാളും ഭാര്യയുമല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകള്‍ എളുപ്പത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.