'എന്റെ പിസ്റ്റളിലെ തിരകള്‍ കപില്‍ ദേവിന്റെ തല തുളയ്ക്കുന്നത് കാണണമെന്ന് തോന്നി; അന്ന് കപിലിനെ കൊല്ലാനായി ഞാന്‍ പിസ്റ്റളുമായി വീട്ടില്‍ച്ചെന്നു; അമ്മയോടൊപ്പമാണ് കപില്‍ ഇറങ്ങിവന്നത്'; വെളിപ്പെടുത്തലുമായി യുവരാജിന്റെ പിതാവ്
പിസ്റ്റളുമായി കപിലിനെ കൊലപ്പെടുത്താന്‍ പോയ സംഭവം വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്
മുംബൈ: ലോകക്രിക്കറ്റിലെ അതികായന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി 1983 ല്‍ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവിനെ കൊലപ്പെടുത്താനായി ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പിസ്റ്റളുമായി പോയ സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്രാജ് സിങ്.
അന്ന് ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കപില്‍ തന്നെ ടീമിനു പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് പിസ്റ്റളുമായി വീട്ടിലേക്കു ചെന്നതെന്നും തന്റെ ദേഷ്യം തീരുന്നത് വരെ കപിലിനെ ശകാരിച്ച ശേഷം മടങ്ങിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് യോഗ്രാജ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് യോഗ്‌രാജ് പഴയ സംഭവം വെളിപ്പെടുത്തിയത്.
1980 ഡിസംബര്‍ 21-ന് ബ്രിസ്ബേനില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് യോഗരാജ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. സുനില്‍ ഗവാസ്‌കറിന്റെ നേതൃത്വത്തിലുള്ള ടീമിലായിരുന്നു അരങ്ങേറ്റം. മൂന്ന് മാസത്തില്‍ താഴെ മാത്രം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇന്ത്യക്കായി ആകെ ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും മാത്രമാണ് യോഗരാജിന് കളിക്കാനായത്. കപില്‍ ദേവ് നായകനായിരിക്കെ തന്നെ ടീമില്‍ നിന്നും തഴഞ്ഞതിന്റെ പകയിലാണ് കൊലപ്പെടുത്താനായി പിസ്റ്റളുമായി സെക്ടര്‍ 9ലുള്ള വീട്ടിലെത്തിയതെന്നും യോഗരാജ് സിംഗ് പറയുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യോഗരാജ്, ഇത്രയും വര്‍ഷമായി കപില്‍ ദേവുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പറയുന്നു.
''കപില്‍ ദേവ് ഇന്ത്യയുടെയും നോര്‍ത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരുന്ന സമയത്ത്, ഒരു കാരണവും കൂടാതെ എന്നെ തഴഞ്ഞു. ഇതേക്കുറിച്ച് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് എന്റെ ഭാര്യയ്ക്ക് (യുവരാജ് സിങ്ങിന്റെ അമ്മ) നിര്‍ബന്ധം. ആ നീചനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഞാന്‍ അവളോടു പറഞ്ഞു' യോഗ്‌രാജ് വിശദീകരിച്ചു.
''അന്ന് ഞാന്‍ പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി സെക്ടര്‍ 9ലുള്ള കപിലിന്റെ വീട്ടില്‍ച്ചെന്നു. അമ്മയോടൊപ്പമാണ് കപില്‍ വീടിനു പുറത്തേക്കുവന്നത്. ഞാന്‍ എന്റെ വായില്‍ വന്ന ചീത്തയെല്ലാം കപിലിനെ വിളിച്ചു. താങ്കള്‍ കാരണം എനിക്ക് നല്ലൊരു സുഹൃത്തിനെ നഷ്ടമായെന്ന് ഞാന്‍ കപിലിനോടു പറഞ്ഞു. ഈ ചെയ്തതിനെല്ലാം വിലകൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി' യോഗ്രാജ് പറഞ്ഞു.
''ഈ പിസ്റ്റളിലെ തിരകള്‍ താങ്കളുടെ തല തുളയ്ക്കുന്നത് എനിക്കു കാണണമെന്നുണ്ട്. പക്ഷേ, ഈ പാവപ്പെട്ട അമ്മയെ ഓര്‍ത്ത് ഞാന്‍ അതു ചെയ്യുന്നില്ല. അതും പറഞ്ഞ് ഷബ്‌നത്തെയും കൂട്ടി ഞാന്‍ മടങ്ങി. അന്നാണ് ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത്. ഇനി യുവി കളിക്കട്ടെ എന്നും തീരുമാനിച്ചു' യോഗ്‌രാജ് സിങ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദിയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും യോഗ്‌രാജ് സിങ് ആരോപിച്ചു. ''ബിഷന്‍ സിങ് ബേദി ഉള്‍പ്പെടെയുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. അദ്ദേഹം മരിച്ചു. ടീമില്‍നിന്ന് പുറത്തായ സമയത്ത് ഞാന്‍ സിലക്ടറായ രവീന്ദ്ര ഛന്ദയുമായി സംസാരിച്ചിരുന്നു. ചീഫ് സിലക്ടറായിരുന്ന ബിഷന്‍ സിങ് ബേദിയാണ് എന്നെ ടീമിലെടുക്കാതിരിക്കാന്‍ വാദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ മുംബൈയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഗാവസ്‌കറിന്റെ ആളായിരിക്കുമെന്ന് കരുതിയാണ് തഴഞ്ഞതെന്നും പറഞ്ഞു.' യോഗ്രാജ് സിങ് വെളിപ്പെടുത്തി.
ടീമിനു പുറത്തായശേഷം കപില്‍ ദേവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും യോഗ്രാജ് സിങ് പറഞ്ഞു. 2011ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോള്‍ കപില്‍ ദേവ് കരഞ്ഞു. എന്റെ മകന്‍ താങ്കളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു ചൂണ്ടിക്കാട്ടി ഞാന്‍ കപിലിന് സന്ദേശമയച്ചു. അതോടെ കപില്‍ എന്നോട് ക്ഷമാപണം നടത്തി.
''അടുത്ത ജന്‍മത്തില്‍ നമുക്ക് സഹോദരന്‍മാരായി ജനിക്കാമെന്ന് കപില്‍ വാട്‌സാപ്പില്‍ മറുപടി നല്‍കി. ഒരേ അമ്മയ്ക്കു പിറക്കുന്ന സഹോദന്‍മാരായിരിക്കാമെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. പക്ഷേ, എനിക്കിപ്പോഴും കടുത്ത നിരാശയാണ് തോന്നുന്നത്' യോഗ്‌രാജ് സിങ് പറഞ്ഞു.