ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ഇടിച്ച് മരിച്ചു; അപകടം മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയപ്പോള്‍

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ഇടിച്ച് മരിച്ചു

Update: 2024-10-09 16:16 GMT

മലപ്പുറം: ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ടോറസ് ലോറി ഇടിച്ച് മരിച്ചു. പൊന്നാനി എം .ഐ ബോയ്സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കല്‍ സ്വദേശി പൗറാക്കാനത്ത് ജുലൈലിന്റെ മകനുമായ അബ്ദുല്‍ ഹാദി ( 15) യാണ് അപകടത്തില്‍ മരണപ്പെട്ടത്.

ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്‍ ഹാദിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും.

സ്‌കൂള്‍ ഉച്ചയ്ക്കു വിടുമ്പോള്‍ അടുത്തുള്ള വീടുകളില്‍ പോയി ചില വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചുവരാറുണ്ട്. സമാനമായി ഹാദിയും ഇത്തരത്തില്‍ വീട്ടില്‍പോകാറുണ്ട്. വേഗത്തില്‍ സ്‌കൂളില്‍ തിരിച്ചെത്താന്‍ വേണ്ടിയാകും വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതെന്നാണു നിഗമനം. മാതാവ്: ഹൗലത്ത്. സഹോദരങ്ങള്‍: സിനാന്‍, തമന്ന

Tags:    

Similar News