വെള്ളാപ്പള്ളി നടേശന്‍ ആശുപത്രി വിട്ടു; യാത്രയയപ്പ് നല്‍കി ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രി അധികൃതര്‍; നാളെ മുതല്‍ പൊതുപരിപാടികളില്‍ സജീവമാകും

വെള്ളാപ്പള്ളി നടേശന്‍ ആശുപത്രി വിട്ടു

Update: 2025-01-10 17:19 GMT

കൊച്ചി: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് വൈകിട്ട് അഞ്ചിന് കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങി. ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന, മരുമക്കളായ ആശ തുഷാര്‍, ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളില്‍, ഹോസ്പിറ്റല്‍ സി.ഇ.ഒ. ജോര്‍ജ്ജ് ചാണ്ടി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോംസി ജോര്‍ജ്, എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂണിയന്‍ പ്രസിഡന്റുമാരായ അഡ്വ. സിനില്‍ മുണ്ടപ്പള്ളി (പന്തളം), അശോക പണിക്കര്‍ (കാര്‍ത്തികപ്പള്ളി), വി.ചന്ദ്രദാസ് (കായംകുളം), തിരുവല്ല യൂണിയന്‍ സെക്രട്ടറി അനില്‍ എസ്. ഉഴത്തില്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന്‍ എഴമറ്റൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. നാളെ രാവിലെ 10.30ന് കണിച്ചുകുളങ്ങര ക്ഷേത്രം പൊതുയോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കും.

കൊല്ലത്തെ എസ്.എന്‍.ഡി.പി യോഗം തെക്കന്‍ മേഖലാ സമ്മേളനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ ശ്വാസ തടസത്തെ തുടര്‍ന്ന് ജനുവരി നാലിന് രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രത്തിലെ അണുബാധയെ തുടര്‍ന്നുള്ള അസ്വസ്ഥതകളായിരുന്നു പ്രശ്‌നം. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും ഫോണിലൂടെ വെള്ളാപ്പള്ളിയുമായി സംസാരിക്കുകയും ചെയ്തു.

Tags:    

Similar News