‘ബുർഖാ ബാൻ..'; പൊതുസ്ഥലങ്ങളിൽ ബുർഖയുൾപ്പെടെ മുഖാവരണം നിരോധിച്ചു; പാലിച്ചില്ലെങ്കിൽ 98000 രൂപ പിഴ അടയ്ക്കണം; നിയമം പാസാക്കി സ്വിറ്റ്സര്‍ലാൻഡ്
ബേൺ: സ്വിറ്റ്സര്‍ലാൻഡിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. നേരത്തെ പാസാക്കിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഏകദേശം 1143 ഡോളർ (98000 രൂപയോളം) പിഴ നൽകേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട് . ബുർഖാ ബാൻ എന്ന പേരിലാണ് നിയമം നടപ്പാക്കിയത്. 2021ലാണ് മുഖാവരണം നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയർന്നുവന്നത്.
വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് (എസ്‌വിപി) ബുർഖ നിരോധനം ആദ്യം മുന്നോട്ടുവെച്ചത്. ‘തീവ്രവാദം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്.
എസ്‌വിപിയുടെ നിർദേശത്തെ രാജ്യത്തെ മുസ്ലിം സംഘടനകൾ നേരെത്തെ എതിർത്തിരുന്നു. ശേഷം 2021 ആയപ്പോൾ പുതിയനിയമം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായ സര്‍വേ എടുക്കുകയും. ബുർഖ ഉൾപ്പെടെ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അനുകൂലിച്ചായിരുന്നു ഭൂരിഭാഗവും വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.