ബലൂചിസ്ഥാനില്‍ പോരാട്ടം രൂക്ഷമാകുന്നു; 22 പേരെ കൂടി വധിച്ച് സുരക്ഷാ സേന: രണ്ട് ദിവസത്തിനിടെ പാക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ

ബലൂചിസ്ഥാനില്‍ പോരാട്ടം രൂക്ഷമാകുന്നു; 22 പേരെ കൂടി വധിച്ച് സുരക്ഷാ സേന

Update: 2026-02-03 01:44 GMT

ഇസ്ലാമാബാദ്: പാകിസ്താന്‍ സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും (ബിഎല്‍എ) തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. ബലൂചിസ്ഥാനില്‍ 22 പേരെക്കൂടി സുരക്ഷാസേന വധിച്ചു. രണ്ട് ദിവസത്തിനിടെ 177 പേരെയാണു സേന വധിച്ചത്. വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. സൈനികനടപടിയുടെ ഭാഗമായി ബലൂചിസ്ഥാനില്‍ ശനിയാഴ്ച മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. പാക് സൈന്യവും ബിഎല്‍എയും തമ്മില്‍ ഏറെ നാളായി പോരാട്ടത്തിലാണ്. അടുത്തിടെയായി മരണ നിരക്കും വന്‍തോതില്‍ ഉയരുന്നുണ്ട്.

കഴിഞ്ഞയാഴ്ച സേനാകേന്ദ്രങ്ങളടക്കം 12 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ നടന്ന ഭീകരാക്രമണങ്ങളില്‍ 17 പേരാണു കൊല്ലപ്പെട്ടത്. രണ്ട് വനിതാ ചാവേറുകളും സംഘത്തിലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണു സൈനികനടപടി ആരംഭിച്ചത്. ഇറാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബലൂചില്‍ കഴിഞ്ഞവര്‍ഷം ഭീകരര്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി 300 യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.

ജനുവരിയില്‍ പാക്ക് സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള പോരാട്ടത്തില്‍ 386 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇക്കാലയളവില്‍ 238 ബിഎല്‍എ അംഗങ്ങളും 106 പാക്ക് സുരക്ഷാ സേനാംഗങ്ങളും 42 സാധാരണക്കാരും കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡിസംബറില്‍ ആകെ 341 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. 2116 ബിഎല്‍എ അംഗങ്ങളും 1229 പാക്ക് സുരക്ഷാ സേനാംഗങ്ങളും 655 സാധാരണക്കാരും ഉള്‍പ്പെടെ ആകെ 4001 മരണങ്ങളാണ് 2025 ല്‍ റിപ്പോര്‍ട്ടു ചെയ്തത്. 2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Tags:    

Similar News