ബലാത്സംഗ കേസില്‍ എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അനധികൃത കുടിയേറ്റക്കാരനും പറയുന്നു ബ്രിട്ടനില്‍ ശിക്ഷ അനുഭവിക്കാം; നാടുകടത്തരുതെന്ന് വാദം

ബലാത്സംഗ കേസില്‍ എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അനധികൃത കുടിയേറ്റക്കാരനും

Update: 2026-02-03 05:01 GMT

ലണ്ടന്‍: ബലാത്സംഗ കേസില്‍ എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അനധികൃത കുടിയേറ്റക്കാരന്‍ പറയുന്നത് താന്‍ ബ്രിട്ടനില്‍ ശിക്ഷ അനുഭവിക്കാന്‍ ബാദ്ധ്യസ്ഥാനാണെന്നും തന്നെ നാടുകടത്തരുത് എന്നുമാണ്. ചെറു യാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് അനധികൃതമായി യു കെയില്‍ എത്തിയ ഈദ് അന്‍വര്‍ ഫാതി നജ്ജാര്‍ എന്ന 21 കാരനായ ഈജിപ്ഷ്യന്‍ പൗരനാണ് വിചിത്രമായ ഈ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. യോര്‍ക്കിലെ, ചരിത്രപ്രസിദ്ധമായ ഷാമ്പിള്‍സ് മാര്‍ക്കറ്റില്‍ വെച്ചായിരുന്നു ഇയാള്‍ ഇരയെ ലക്ഷ്യം വെച്ചത്.

വൈക്കുന്നേരം കൂട്ടുകാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത് അവരോട് യാത്ര പറഞ്ഞു പിരിഞ്ഞ യുവതി മദ്യ ലഹരിയില്‍ ആയിരുന്നു. വുഡു ലോഞ്ച് നൈറ്റ് ക്ലബ്ബിലെത്തിയ പ്രതി അവിടെ വെച്ച് ഇരയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഢിപ്പിക്കുകയുമായിരുന്നു എന്നാണ് യോര്‍ക്ക് ക്രൗണ്‍ കോടതിയില്‍ വിചാരണക്കിടെ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയത്. പിന്നീട് പ്രസിദ്ധമായ ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റിലേക്കും യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തു.

ആദ്യമാദ്യം കുറ്റം നിഷേദിച്ച നജ്ജാര്‍, കഴിഞ്ഞ നവംബറില്‍ വിചാരണ തുടങ്ങുന്നതിന് ഏതാനും ദിവസം മുന്‍പായിരുന്നു കുറ്റസമ്മതം നടത്തിയത്. ഇന്നലെ വീണ്ടും വിചാരണയ്ക്ക് ഹാജരാക്കിയപ്പൊഴാണ് നജ്ജാറിന് ഒരു ക്രിമിനല്‍ ഭൂതകാലമില്ലെന്നും, നാടുകടത്തുമെന്ന് ഭയന്നിരിക്കുകയാണെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. ഈ രാജ്യത്ത് ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും നാട്കടത്തരുതെന്നുമായിരുന്നു നജ്ജാര്‍ കോടതിയില്‍ അപേക്ഷിച്ചത്.

Tags:    

Similar News