റോഡരികിൽ മേശയും കസേരകളും നിരത്തിയിട്ടിരിക്കുന്നത് കണ്ട് ഒന്നും നോക്കാതെ അങ്ങ് കയറി; ഫുഡ് ഓർഡർ ചെയ്യാൻ മെനു ചോദിച്ചതും അറിഞ്ഞത് മറ്റൊരു സത്യം; തലയിൽ കൈവച്ച് യുവാക്കൾ

Update: 2026-02-06 12:04 GMT

ബാങ്കോക്ക്: തായ്‌ലൻഡിലെ നഖോൺ സി തമ്മാരത്തിൽ റെസ്റ്റോറൻ്റ് ആണെന്ന് തെറ്റിദ്ധരിച്ച് വിദേശ ടൂറിസ്റ്റുകൾ ഒരു ശവസംസ്കാര ചടങ്ങിൽ അബദ്ധത്തിൽ കയറിപ്പറ്റി. തെറ്റിദ്ധാരണ മനസ്സിലാക്കി ക്ഷമ ചോദിച്ച വിനോദസഞ്ചാരികളെ മരിച്ചയാളുടെ കുടുംബം ദേഷ്യപ്പെടാതെ സ്നേഹത്തോടെ സ്വീകരിക്കുകയും ഭക്ഷണം നൽകി സൽക്കരിക്കുകയും ചെയ്തു. തായ് ജനതയുടെ ആതിഥ്യമര്യാദയും സാംസ്കാരിക സഹാനുഭൂതിയും എടുത്തു കാണിക്കുന്ന സംഭവമായി ഇത് മാറി.

ജനുവരി 31-ന് നടന്ന ആദ്യ സംഭവത്തിൽ, റോഡരികിൽ മേശകളും കസേരകളും നിരത്തി ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടാണ് രണ്ട് ജർമ്മൻ വിനോദസഞ്ചാരികൾ ചടങ്ങിലേക്ക് പ്രവേശിച്ചത്. ഇതൊരു തായ് റെസ്റ്റോറൻ്റ് ആണെന്ന് അവർ തെറ്റിദ്ധരിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർ വെള്ളക്കുപ്പികൾ കൈമാറിയതിനെ തുടർന്ന് ഇരുവരും ഭക്ഷണ മെനു ചോദിച്ചപ്പോഴാണ് ഇത് ഒരു ശവസംസ്കാര ചടങ്ങാണെന്ന് പ്രദേശവാസിയായ ചലോംകിയാഡ് അവരെ അറിയിച്ചത്.

അബദ്ധം മനസ്സിലാക്കിയ വിനോദസഞ്ചാരികൾ ലജ്ജയോടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. എന്നാൽ, മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ദേഷ്യപ്പെടുന്നതിന് പകരം അവരെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ഐസ് ടീ, പലഹാരങ്ങൾ, മറ്റ് തായ് വിഭവങ്ങൾ എന്നിവ നൽകി സൽക്കരിക്കുകയും ചെയ്തു. അല്പനേരം അവിടെ വിശ്രമിക്കാനും ഭക്ഷണം കഴിച്ചശേഷം പോകാനും കുടുംബം അവരെ അനുവദിച്ചു.

സമാനമായ ഒരു സംഭവം രണ്ട് ദിവസത്തിന് ശേഷം ഇതേ സ്ഥലത്ത് നടന്നു. മൂന്ന് ഡച്ച് യാത്രികർ കോക്ടെയിലുകൾ അന്വേഷിച്ച് ഇവിടെയെത്തി. അവരും റെസ്റ്റോറൻ്റ് ആണെന്ന് കരുതിയാണ് വന്നത്. ചലോംകിയാഡ് ഇവരെയും ഇത് ശവസംസ്കാര ചടങ്ങാണെന്ന് അറിയിക്കുകയും കുടുംബം അവർക്കും ഭക്ഷണം നൽകി യാത്രയാക്കുകയും ചെയ്തു. തായ്‌ലൻഡിലെ ആചാരപ്രകാരം, ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും നൽകുന്നത് പതിവാണ്. ഈ ആചാരമാണ് വിദേശികൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കിയത്. 

Tags:    

Similar News