അസീദുവിന്റെ ബോംബ് നിർമാണം പാളിപ്പോയി; ലക്ഷ്യം ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം നടത്താൻ; ലണ്ടനിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഭീകരന് ശിക്ഷ ഇളവ് നൽകി കോടതി

Update: 2024-09-29 03:54 GMT


ലണ്ടൻ: ലണ്ടനിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഭീകരന് ശിക്ഷ ഇളവ് നൽകി കോടതി. 2005 ൽ നൂറു കണക്കിന് മനുഷ്യരെ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ ഭീകരനെ ശിക്ഷാ കാലാവധിയുടെ പകുതി മാത്രം പൂർത്തിയാക്കി വിട്ടയച്ചു. 2005 ൽ ലണ്ടനിൽ ബോംബാക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

ശേഷം പിടിയിലായ മാൻഫോ അസീദു എന്ന ഭീകരന് 2007 ൽ 33 വർഷത്തെ തടവ് ശിക്ഷയായിരുന്നു വിധിച്ചത്. സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയ കാര്യം ഇയാൾ ശരിവെച്ചിരുന്നു. ലണ്ടനിലെ 7/7 സൂയിസൈഡ് ആക്രമണത്തിൽ 52 പേർ മരിച്ച സംഭവത്തിന് ശേഷമായിരുന്നു ഈ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തു വന്നത്.

2005 ജൂലായ് 21 ന് ആക്രമണം നടത്താൻ ആയിരിന്നു പദ്ധതിയിട്ടത്ത്. അന്ന് ട്രെയിനുകളിലും ഒരു ബസ്സിലുമായി സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടാതെ പോവുകയായിരുന്നു. സ്വയം നിർമ്മിച്ച ബോംബിൽ ചേരുവകൾ ചേർക്കുന്നതിലെ പിഴവ് മൂലമായിരുന്നു അത് പൊട്ടാതെ പോയത് എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. സ്ഫോടനം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ വ്യാജ ആക്രമണ ഭീഷണി മുഴക്കാൻ മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു എന്നുമായിരുന്നു വിചാരണ വേളയിൽ പ്രതി ഉന്നയിച്ച വാദം.

വ്യാജ പാസ്സ്പോർട്ടുമായി 2003 ഡിസംബറിൽ ആയിരുന്നു ഘാന പൗരനായ ഇയാൾ യു കെയിൽ എത്തുന്നത്. ഇപ്പോൾ ഇയാൾക്ക് 53 വയസ് ഉണ്ട്. ബോംബ് നിർമ്മാണത്തിനുപയോഗിച്ച വസ്തുക്കൾ വാങ്ങിയതായി സമ്മതിച്ച ഇയാൾ പക്ഷെ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു എന്നും സ്ഫോടനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് ബോംബുകൾ ഒഴിവാക്കുകയായിരുന്നു എന്നുമാണ് ഇയാൾ ഉയർത്തുന്ന അവകാശവാദം. ഇപ്പോഴിതാ ഈ വർഷം ആദ്യമാണ് ഇയാളുടെ ശിക്ഷാ കാലാവധി വെട്ടിക്കുറച്ച് ഇയാളെ ഘാനയിലേക്ക് തിരിച്ചയച്ചതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഫസിലിറ്റേറ്റഡ് റിട്ടേൺ സ്കീം അനുസരിച്ച് ഇയാൾക്ക് പണം നൽകിയാണോ നാടുകടത്തുന്നതിനുള്ള സമ്മതം വാങ്ങിയത് എന്നതിലും വ്യക്തയില്ല.

Tags:    

Similar News