ബ്രിട്ടനെ വിറപ്പിച്ച് ആഞ്ഞുവീശി 'ഡാറ' ചുഴലിക്കാറ്റ്; 145 കിമീ വേഗതയിൽ കാറ്റ്; ലക്ഷക്കണക്കിന് ജനങ്ങൾ ഇരുട്ടിൽ; വ്യാപക നാശം; ഗതാഗതം മുടങ്ങി; വെള്ളപ്പൊക്ക അലർട്ട് നൽകി;അതീവ ജാഗ്രത!
ലണ്ടൻ: ബ്രിട്ടനിൽ ആഞ്ഞുവീശി 'ഡാറ' ചുഴലിക്കാറ്റ്. കാറ്റിനെ തുടർന്ന് പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഞ്ഞുവീശിയ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. യുകെയുടെ മെറ്റ് ഓഫീസ് അപൂർവമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3.00 മുതൽ 11.00 വരെ വീടിനുള്ളിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മൂന്ന് ദശലക്ഷം ആളുകൾക്ക് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകി. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് തീരപ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക അലർട്ടും നൽകിയിട്ടുണ്ട്.
അയർലാൻഡിൽ 400,000 ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഗതാഗത ശൃംഖലകളെയും സാരമായി ബാധിച്ചു. നെറ്റ്‌വർക്ക് റെയിൽ വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു, വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. അപകടകരമായ സാഹചര്യങ്ങൾ കാരണം ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡ്‌സിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.