വാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ സി.ഇ.ഒ രാജിവെച്ചു; തന്റെ കാലയളവില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നത് സ്ഥാപനത്തിന് വേണ്ടി ആയിരുന്നുവെന്ന് വില്‍ ലൂയിസ്

വാഷിങ്ടണ്‍ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ സി.ഇ.ഒ രാജിവെച്ചു

Update: 2026-02-08 15:19 GMT

വാഷിങ്ടണ്‍: വാഷിങ്ടണ്‍ പോസ്റ്റിലെ പബ്ലീഷറും സി.ഇ.ഒയുമായ വില്‍ ലൂയിസ് രാജിവെച്ചു. പത്രത്തിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ വില്‍ രാജി സമര്‍പ്പിച്ചത്. തന്റെ കാലയളവില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിന്റെ സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടിയായിരുന്നു അത്തരം തീരുമാനങ്ങള്‍ എടുത്തത്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പക്ഷപാതരഹിതമായ വാര്‍ത്തകള്‍ നല്‍കാന്‍ വാഷിങ്ടണ്‍ പോസ്റ്റിന് കഴിയട്ടെയെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസ് ബ്യുറോ ചീഫ് മാറ്റ് വൈസറാണ് അദ്ദേഹത്തിന്റെ കത്ത് പങ്കുവെച്ചത്. മുന്‍ ഡൗ ജോണ്‍സ് സി.ഇ.ഒയും വാള്‍ സ്ട്രീറ്റ് ജേണലിന്റെ പബ്ലിഷറുമായ ലൂയിസ് 2023ലാണ് വാഷിങ്ടണ്‍ പോസ്റ്റ് സി.ഇ.ഒയാവുന്നത്. ഫ്രെഡ് റയാനില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ജെഫ്.ഡി.ഓനോഫ്രിയോയായിരിക്കും വാഷിങ്ടണ്‍ പോസ്റ്റിന്റെ പുതിയ സി.ഇ.ഒ. കഴിഞ്ഞ ജൂണിലാണ് അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിലെത്തിയത്. ഗൂഗ്ള്‍, യാഹു പോലുള്ള കമ്പനികളിലായിരുന്നു അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നത്.

വില്‍ ലൂയിസിന്റെ രാജി ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റിലെ തൊഴിലാളി സംഘടനയായ വാഷിങ്ടണ്‍ ഗില്‍ഡ് അഭിപ്രായപ്പെട്ടു. മഹത്തായ ഒരു അമേരിക്കന്‍ പത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ എന്ന പേരിലാവും വില്‍ അറിയപ്പെടുക. പത്രത്തെ സംരക്ഷിക്കാനായി പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാരേയും ബെസോസ് എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും അല്ലെങ്കില്‍ ഭാവിയില്‍ നിക്ഷേപം നടത്താന്‍ കഴിവുള്ള ഒരാള്‍ക്ക് പത്രം കൈമാറണമെന്നും വാഷിങ്ടണ്‍ പോസ്റ്റ് ഗില്‍ഡ് ആവശ്യപ്പെട്ടു.

നേരത്തെ കമ്പനിയിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടിരുന്നു. 30ശതമാനത്തോളം ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുന്നൂറോളം മാധ്യമപ്രവര്‍ത്തകരും മറ്റ് സെക്ഷന്‍ ജീവനക്കാരും പിരിച്ചുവിട്ടവരില്‍പ്പെടുന്നുണ്ട്.

Tags:    

Similar News