ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഫ്രാന്‍സുമായി കരാറിനൊരുങ്ങി ബ്രിട്ടന്‍; നാടുകടത്തല്‍ സജീവമാകും
ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഫ്രാന്‍സുമായി കരാറിനൊരുങ്ങി ബ്രിട്ടന്‍
ലണ്ടന്‍: ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് ഒരു കരാറിന് രൂപം കൊടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്നും ഒരാളെ സ്വീകരിക്കുന്നതിനു പകരമായി ചാനല്‍ വഴിയെത്തുന്ന ഒരാളെ നാടുകടത്താനാണ് ഉദ്ദേശിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്ന കാര്യം ട്രാന്‍സ്പോര്‍ട്ട് മന്ത്രി ലിലിയന്‍ ഗ്രീന്‍വുഡ് സ്ഥിരീകരിച്ചെങ്കിലും അത് എവിടെ വരെയായി എന്നത് വ്യക്തമാക്കിയില്ല. കരാറിന്റെ വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല.
ഇക്കൊല്ലം ഇതുവരെ റെക്കോര്‍ഡ് എണ്ണം അനധികൃത കുടിയേറ്റക്കാരാണ് ചാനല്‍ വഴി ബ്രിട്ടനിലെത്തിയത്. ഇതോടെ, അനധികൃത കുടിയേറ്റം തടയുന്നതില്‍ ലേബര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനവും ശക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ഒരു കരാര്‍ ഉണ്ടാക്കുമെന്ന് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
മുഴുവന്‍ യൂറോപ്യന്‍ യൂണിയനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു റിട്ടേണ്‍സ് ഡീലിന് ഫ്രാന്‍സിന് താത്പര്യമുണ്ടെങ്കിലും കൂടുതല്‍ പരിമിതമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കരാറായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഫ്രാന്‍സ് ഉണ്ടാക്കുക എന്നറിയുന്നു. അഭയാഭ്യര്‍ത്ഥന നിരസിച്ചാല്‍ പോലും ബ്രിട്ടനില്‍ നിന്നും നാടുകടത്തുകയില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ ചാനല്‍ വഴി എത്തുന്നത്. 2018 മുതല്‍ ഇവിടെയെത്തിയ ഒന്നരലക്ഷം അനധികൃത അഭയാര്‍ത്ഥികളില്‍ വെറും മൂന്ന് ശതമാനം പേരെ മാത്രമാണ് അവരുടെ ജന്മനാട്ടിലേക്ക് നാടുകടത്തിയത്.