മുറിച്ചുമാറ്റിയ ശരീര ഭാഗവുമായി പുരുഷ സംഘം; നരഭോജനമാണെന്ന് വാർത്തകൾ വന്നതോടെ പാപ്പുവ ന്യൂഗിനിയയിൽ വൻ പ്രതിഷേധം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി
പോർട്ട് മോർസ്ബി: ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയയിൽ നരഭോജനമെന്ന് സംശയിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നതോടെ രാജ്യത്ത് വൻ പ്രതിഷേധം. പാപ്പുവ ന്യൂഗിനിയയിലെ ഏറ്റവും പ്രമുഖ പത്രമായ പാപ്പുവ ന്യൂഗിനി പോസ്റ്റിലാണ് വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. വില്ലും അമ്പും ധരിച്ച പുരുഷ സംഘം വികൃതമാക്കിയ മനുഷ്യ ശരീരഭാഗങ്ങൾ ഉയർത്തിപ്പിടിച്ച ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നത്. സംഭവത്തിന് പിന്നിൽ നരഭോജനമാണോയെന്ന സംശയിക്കുന്നതായും ചർച്ചകൾ ഉയർന്നുവന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.
അതേസമയം പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ സംഘം മനുഷ്യമാംസം ഭക്ഷിക്കുന്ന കാര്യങ്ങളിൽ വ്യക്തതയില്ല. എന്നാൽ കൂട്ടത്തിലൊരാൾ അറുത്തുമാറ്റിയ ശരീരഭാഗത്തിൽ നക്കുന്നതായി കാണാം. കൂടെയുള്ളവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി പീറ്റർ സിയാമലിലി രംഗത്തെത്തി. സംഭവം വളരെ ഖേദകരമായ സംഭവമാണെന്നും പുറത്തുവന്ന ചിത്രങ്ങളിൽ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സഹോദരന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഗ്രാമീണർ പക്ഷം പിടിക്കുകയും ഇളയ സഹോദരൻ മൂത്ത സഹോദരനെ കൊലപ്പെടുത്തുകയും ചെയ്തതാണ് സംഭവമെന്നും ഈ ക്രൂരമായ പ്രവൃത്തികൾ ഒരു രാഷ്ട്രമെന്ന മൂല്യങ്ങൾക്ക് ഭീഷണിയുയർത്തുന്നതാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ഒരു മാസം മുൻപ് രാജ്യത്തിന്‍റെ സെൻട്രൽ പ്രവിശ്യയിലെ ഗോയ്‌ലാല ജില്ലയിലെ സാക്കി ഗ്രാമത്തിലാണ് നടന്നതെന്നും സിയാമലിലി വ്യക്തമാക്കുന്നത്. എന്നാൽ ദൃശ്യങ്ങൾ അടുത്തിടെയാണ് പ്രചരിച്ചത്. പാപുവ ന്യൂ ഗിനിയയുടെ ചില ഗോത്രങ്ങൾക്കിടയിൽ നരഭോജനം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.