പ്രശസ്ത മെക്‌സിക്കന്‍ ബോക്‌സര്‍ ജൂലയോ ഷാവോസ് അറസ്റ്റില്‍; പിടിയിലായത് അനധികൃത കുടിയേറ്റത്തിന്; ജന്മനാടായ മെക്‌സിക്കോയിലേക്ക് നാട് കടത്തും; മെക്‌സിക്കോയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ്
വാഷിംഗ്ടണ്‍: പ്രശസ്ത മെക്‌സിക്കന്‍ ബോക്സറും മുന്‍ മെഡല്‍ ജേതാവുമായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറെ യു.എസ്. ഇമിഗ്രേഷന്‍ അധികൃതര്‍ ലോസ് ആഞ്ജലീസിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാവേസിനെതിരെ നടപടികള്‍ ആരംഭിച്ച യുഎസ് അധികൃതര്‍ അദ്ദേഹത്തെ നാട് കടത്താനാണ് തീരുമാനം. ജന്മനാടായ മെക്‌സിക്കോയിലേക്കാണ് അദ്ദേഹം നാട് കടത്തുന്നത്.
മെക്‌സിക്കോയിലെ പ്രധാനപ്പെട്ട ലഹരി കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാര്‍ട്ടലുമായി ഷാവേസിക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. യുഎസ് ഇമിഗ്രേഷന്‍ വിഭാഗം ഇക്കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെക്‌സിക്കോയില്‍ ആയുധക്കടത്തു, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട അറസ്റ്റ് വാറന്റുകളും ഷാവേസിനെതിരെയുണ്ട്. ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, നേരത്തെ സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനായ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ഭാര്യയായിരുന്നു. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ കൊല്ലപ്പെടുകയും ചെയ്തു.
ജോ ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയിലെത്തുന്നത്. 2024 ഫെബ്രുവരി മാസത്തില്‍ വിസാ കാലാവധി തീര്‍ത്തിട്ടും അദ്ദേഹം തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു. പെര്‍മനെന്റ് റസിഡന്‍സിയ്ക്ക് നല്‍കിയ അപേക്ഷയില്‍ വ്യാജവിവരങ്ങള്‍ ഉണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
അമേരിക്കയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍, ഷാവേസ് നേരെ മെക്‌സിക്കന്‍ നിയമസംവിധാനത്തിന്റെ പിടിയിലാകും. തന്മൂലം മെക്‌സിക്കോയിലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യും. യുവാക്കളില്‍ ഏറെ സ്വാധീനമുള്ള ഒരു കായികതാരം കുറ്റകൃത്യബന്ധത്തില്‍ കുടുങ്ങിയ സംഭവത്തില്‍, അമേരിക്കയിലും മെക്‌സിക്കോയിലുമായി വലിയ രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചയാണ് നടക്കുന്നത്.