എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും യുകെ ബൗണ്ട് ഫ്‌ലൈറ്റുകള്‍ പലതും റദ്ദ് ചെയ്തു; ഖത്തര്‍ എയര്‍വേയ്‌സ് റൂട്ട് മാറ്റി പറക്കുന്നതോടെ യാത്ര ദൈര്‍ഘ്യം കൂടി; വിമാന യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ഉറപ്പാക്കുക; ഇറാന്‍ മിസൈല്‍ ആക്രമണം ദുബായ് വിമാനത്തിന് തൊട്ടു താഴെ

എമിറേറ്റ്‌സും ഫ്‌ലൈ ദുബായിയും യുകെ ബൗണ്ട് ഫ്‌ലൈറ്റുകള്‍ പലതും റദ്ദ് ചെയ്തു

Update: 2024-10-04 05:56 GMT

റാന്‍ ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒട്ടുമിക്ക പ്രധാന വിമാനക്കമ്പനികളും അവരുടെ യു കെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിരേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവര്‍ ദുബായില്‍ നിന്നും യു കെ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും നാളെയുമായി (വെള്ളി, ശനി) ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതും, ആ രാജ്യങ്ങളിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി എമിരേറ്റ്‌സും അറിയിച്ചു.

ദുബായ് വഴി ഇറാഖ്, ഇറാന്‍, ജോര്‍ഡാന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവരുടെ യാത്ര തുടങ്ങുന്ന ഇടങ്ങളില്‍ തന്നെ മടക്കി അയയ്ക്കുമെന്നും എമിരേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പോയ വിമാനങ്ങള്‍ക്കും ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യ പൂര്‍വ്വ ദേശത്തേക്ക് സര്‍വ്വീസ് നടത്തുന്ന പ്രമുഖ വിമാനക്കമ്പനികളായ എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വേയ്‌സിനും വിമാനം വഴി തിരിച്ചു വിടേണ്ടതായി വന്നതയും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ദുബായിലേക്കുള്ള യാത്രയ്‌ക്കെതിരെ അപകട മുന്നറിയിപ്പൊന്നും നല്‍കാത്ത യു കെ ഫോറിന്‍ ഓഫീസ്, പക്ഷെ ബ്രിട്ടീഷ് പൗരന്മാരോട് ജാഗരൂകരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അതുപോലെ, ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പല പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലൊക്കെ ആക്രമണം പ്രതീക്ഷിക്കാം.

തടസ്സങ്ങള്‍ ഉണ്ടെങ്കിലും ദുബായില്‍ നിന്നും യു എ ഇ തലസ്ഥാനമായ അബുദാബിയിലെക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതിനിടയിലാണ്, ഒരു വിമാനത്തില്‍ നിന്നെടുത്ത, ഇസ്രയേലിനെതിരെ ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ കൂട്ടങ്ങള്‍ ചൊവ്വാഴ്ച രാത്രിയുടെ ആകാശത്തു കൂടി പറക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്തു വന്നത്. മിസൈല്‍ തൊടുത്തു വിടുന്ന വീഡിയോ ദൃശ്യം ദുബായിലേക്ക് പോവുകയായിരുന്ന ഒരു വിമാനത്തില്‍ നിന്നെടുത്തതണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈലുകള്‍ വിമാനത്തെ സ്പര്‍ശിച്ചില്ലെങ്കിലും, വളരെ അടുത്തു കൂടിയാണ് പോയത് എന്ന വസ്തുത ഈ മേഖലയിലൂടെയുള്ള വിമാനയാത്രയുടെ അപകട സാധ്യതയിലേക്ക് വിരല്‍ചൂണ്ടുകയാണ്.

Tags:    

Similar News