സൈനിക ശക്തിയാകാൻ ഒരുങ്ങി ജർമ്മനി; നിർബന്ധിത സൈനിക സേവനം നടപ്പിലാക്കാൻ ആലോചന; നീക്കം റഷ്യ നാറ്റോ അംഗരാജ്യങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കെ
ബെർലിൻ: റഷ്യ നാറ്റോ അംഗരാജ്യങ്ങളെ ആക്രമിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കെ, ഒരു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം ജർമ്മനിയിൽ നിർബന്ധിത സൈനിക സേവനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ജർമ്മൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ വെളിപ്പെടുത്തുന്നതിനിടയിലാണ്, സ്വമേധയാ സൈന്യത്തിൽ ചേരാൻ ആവശ്യത്തിന് ആളുകൾ മുന്നോട്ട് വന്നില്ലെങ്കിൽ നിർബന്ധിത സൈനിക സേവനത്തെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ചാൻസലർ ഫ്രെഡ്രിക് മെഴ്‌സ് പറഞ്ഞത്. ഈ നിർദ്ദേശത്തെ കഴിഞ്ഞ ബുധനാഴ്‌ച മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. 2011 ൽ ആയിരുന്നു നിർബന്ധിത സൈനിക സേവനം ഇല്ലാതെയാക്കിയത്.
പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി ജർമ്മനിക്ക് മേൽ സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. വരും വർഷങ്ങളിൽ റഷ്യ നാറ്റോ മേഖലയിലേക്ക് കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ ഔദ്യോഗിക മുന്നറിയിപ്പുണ്ടായിരുന്നു. ഈ പദ്ധതി അനുസരിച്ച് 18 വയസ്സു തികയുന്ന പുരുഷന്മാർക്ക് തൊട്ടടുത്ത വർഷം തന്നെ അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും, സൈനിക സേവനത്തിനുള്ള സന്നദ്ധതയെ കുറിച്ചുമുള്ള ഒരു ചോദ്യാവലി പൂരിപ്പിച്ച് നൽകേണ്ടതായി വരും. സ്ത്രീകൾക്ക് ഇത് ഇഷ്ടമെങ്കിൽ മാത്രം ചെയ്‌താൽ മതിയാകും.
2027 മുതൽ മെഡിക്കൽ പരിശോധനകളും പുരുഷന്മാർക്ക് നിർബന്ധിതമാക്കും. ആവശ്യമെങ്കിൽ നിർബന്ധിത സൈനിക സേവനം വേഗത്തിൽ നടപ്പിലാക്കാൻ ഇത് സർക്കാരിനെ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഏകദേശം 1,80,000 സൈനികരുള്ള ജർമ്മൻ സേനയുടെ അംഗബലം 2,60,000 ൽ കൂടുതലാക്കുവാനാണ് ജർമ്മൻ ഭരണകൂടം ലക്ഷ്യമിടുന്നത്. 2022 ൽ റഷ്യ, യുക്രെയിനിൽ അധിനിവേശം നടത്തിയതിന് ശേഷം, സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിനായി ഇതുവരെ ജർമ്മനി ലക്ഷക്കണക്കിന് തുകയാണ് ചെലവഴിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ശക്തമായ പരമ്പരാഗത സൈന്യമായി ജർമൻ സൈന്യത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മെഴ്‌സ് പറഞ്ഞു.