1000 ഷോപ്പുകള്‍ അപ്‌ഗ്രെയ്ഡ് ചെയ്യും; 500 പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങും; യുകെയെ കീഴടക്കാന്‍ കെഎഫ്സി

1000 ഷോപ്പുകള്‍ അപ്‌ഗ്രെയ്ഡ് ചെയ്യും; 500 പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങും; യുകെയെ കീഴടക്കാന്‍ കെഎഫ്സി

Update: 2025-05-28 05:54 GMT

ലണ്ടന്‍: ഫ്രൈഡ് ചിക്കന്റെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി മുതലെടുത്ത്, വിപണി കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ് കെ എഫ് സി. യു കെയിലും അയര്‍ലന്‍ഡിലും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും, അതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും 1.5 ബില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്താനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. യു കെയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലാണ് നിലവിലെ 1000 ഔട്ട്‌ലെറ്റുകള്‍ നവീകരിക്കുന്നതിനായി 1.49 ബില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചത്.

നേരത്തെ കെന്റുക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കെ എഫ് സി, യു കെയിലും അയര്‍ലന്‍ഡിലും 500 പുതിയ ഷോപ്പുകള്‍ ആരംഭിക്കുന്നതിനായി 466 മില്യന്‍ മുടക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുപ്രധാന വ്യാപാര മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ ആരംഭിക്കുക. നിലവിലെ 200 ല്‍ അധികമുള്ള റെസ്റ്റോറന്റുകളുടെ നവീകരണത്തിനും പണം ചെലവാക്കും. ഈ വിപുലീകരണവും, നവീകരണവുംം യു കെയിലും അയര്‍ലന്‍ഡിലുമായി അടുത്ത അഞ്ചുവര്‍ഷക്കാലത്തിനിടയില്‍, 7000 ല്‍ അധികം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

റെസ്റ്റോറന്റ് മാനേജര്‍മാര്‍, കിച്ചന്‍ വര്‍ക്കര്‍മാര്‍, കസ്റ്റമര്‍ ഫേസിംഗ് സ്റ്റാഫ് , അതുപോലെ പുതുതായി സൃഷ്ടിച്ച ഗസ്റ്റ് എക്സ്പീരിയന്‍സ് ലീഡ് റോള്‍ തുടങ്ങിയ തസ്തികകളിലേക്കായിരിക്കും ആളുകളെ ആവശ്യമായി വരിക. തത്സമയം തയ്യാറാക്കിയ ഫ്രൈഡ് ചിക്കനുള്ള ആവശ്യകത ഏറെ വര്‍ദ്ധിച്ചിരിക്കുന്ന സമയമാണിതെന്ന് കെ എഫ് സി, യു കെ ആന്‍ഡ് അയര്‍ലന്‍ഡ് ജനറല്‍ മാനേജര്‍ റോബ് സ്വിം പറയുന്നു. ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് കമ്പനി.

Tags:    

Similar News