'യുദ്ധഭൂമിയിൽ പുതിയ യോദ്ധാക്കൾ'; യുക്രൈൻ- റഷ്യ സംഘർഷം വീണ്ടും മുറുകുന്നു; റഷ്യയെ സഹായിക്കാൻ ഇനി ഉത്തര കൊറിയൻ സൈനികരും; കൈകൊടുത്ത് പുട്ടിനും കിമ്മും; ഞെട്ടലോടെ യുക്രൈൻ..!
മോസ്കോ: റഷ്യ- യുക്രൈൻ സംഘർഷം വീണ്ടും രൂക്ഷമാകാൻ സാധ്യത. ഇനി യുദ്ധഭൂമിയിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയയിൽ നിന്നുള്ള സൈനികർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ ലോകരാജ്യങ്ങൾ കടുത്ത ഭീതിയിലാണ്.
റഷ്യയിലെ കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സൈനികരെ കണ്ടതായി യുക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതോടെയാണ് റഷ്യയുടെ കൂടെ ഉത്തര കൊറിയൻ സൈനികരും അണിനിരക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറം ലോകം അറിയുന്നത്.
റഷ്യയുടെ വിവിധ ഭാഗങ്ങളിലായി ഇവർ പരിശീലനം നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഏകദേശം 12,000 ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള അഞ്ച് മിലിട്ടറി ട്രെയിനിംഗ് ഗ്രൗണ്ടുകളിൽ പരിശീലനം നേടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
6,000 പേർ വീതമുള്ള രണ്ട് ബ്രിഗേഡുകളിൽ 500 ഓഫീസർമാരും മൂന്ന് ജനറൽമാരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരങ്ങൾ. ഉത്തര കൊറിയൻ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആരോപണങ്ങൾ റഷ്യ ആദ്യം തള്ളിക്കളഞ്ഞിരുന്നു.
പക്ഷെ, വ്യാഴാഴ്ച നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഉത്തര കൊറിയൻ സൈനികരെ രാജ്യത്തേക്ക് അയച്ച കാര്യം നിഷേധിച്ചില്ല എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. ഉത്തര കൊറിയൻ സൈനികർ റഷ്യയിൽ സൈനികാഭ്യാസം നടത്തുന്നുണ്ടെന്ന് യുഎസ് പ്രതിരോധ മന്ത്രലായവും സ്ഥിരീകരിച്ചു.
ഇതിനിടെ, ഉത്തര കൊറിയയുടെ സൈന്യത്തെ റഷ്യയ്ക്ക് വേണ്ടി യുദ്ധത്തിന് അയച്ചാൽ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി.