175 കോടി രൂപയുടെ അഴിമതി; ചൈനയില്‍ മുന്‍ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ: സ്വത്തുക്കള്‍ കണ്ടുകെട്ടി

175 കോടി രൂപയുടെ അഴിമതി: ചൈനയിൽ മുൻമന്ത്രി താങ് യിജുന് ജീവപര്യന്തം

Update: 2026-02-03 00:22 GMT

ബെയ്ജിങ്: അഴിമതിക്കേസില്‍ കുടുങ്ങിയ ചൈനയുടെ മുന്‍ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. താങ് യിജുന്‍ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയന്‍ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്. മന്ത്രിയായിരിക്കെ 2006 നും 2022 നും ഇടയിലാണ് ഇദ്ദേഹം വന്‍ അഴിമതി നടത്തിയത്. യിജുന്‍ തന്റെ മന്ത്രി പദം ദുരുപയോഗം ചെയ്തതായി വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.പ്രസിഡന്റ് ഷി ജിന്‍പിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളില്‍ കുടുങ്ങുന്ന ഉന്നതനാണ് താങ് യിജുന്‍.

യുഎസിന് ആണവ രഹസ്യങ്ങള്‍ കൈമാറിയതിന്റെ പേരില്‍ സൈനിക ജനറല്‍ ഷാങ് യോഷിയയ്‌ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെന്‍ലിയും അന്വേഷണം നേരിടുകയാണ്. ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുന്‍ 2020ലാണ് മന്ത്രിയായത്. 2024 ല്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതിനിടെ, എനര്‍ജി മാനേജ്‌മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്ക് എതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. കഴിഞ്ഞവര്‍ഷം 65 ഉന്നതരാണ് അഴിമതിക്കേസില്‍ കുടുങ്ങിയത്.

Tags:    

Similar News