കരയിലേക്ക് ശക്തമായി അലയടിച്ചെത്തിയ രാക്ഷസ തിരമാലകൾ; പിന്നാലെ മുന്നറിയിപ്പ് വിസിൽ മുഴക്കിയ ലൈഫ് ഗാർഡ്; വിനോദ സഞ്ചാരികളുടെ അതിരുവിട്ട പ്രവർത്തിയിൽ എട്ടിന്റെ പണി
ഫുക്കറ്റ്: തായ്ലൻഡിലെ ഫുക്കറ്റ് നായ് ഹാർൺ ബീച്ചിൽ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് നൽകിയ ലൈഫ് ഗാർഡിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് കുവൈത്ത് വിനോദസഞ്ചാരികൾക്ക് 200,000 തായ് ബാത്ത് (ഏകദേശം 4.5 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു. ശക്തമായ തിരമാലകളെത്തുടർന്ന് ബീച്ച് അടച്ചിട്ട് റെഡ് ഫ്ലാഗുകൾ സ്ഥാപിച്ചിട്ടും ഇത് അവഗണിച്ച് കടലിൽ ഇറങ്ങാൻ ശ്രമിച്ചവരോടാണ് ലൈഫ് ഗാർഡ് ഈ മുന്നറിയിപ്പ് നൽകിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് അതിക്രൂരമായ ആക്രമണം നടന്നത്. മുന്നറിയിപ്പ് അവഗണിച്ച് ലൈഫ് ഗാർഡിനോട് തർക്കത്തിലേർപ്പെട്ട വിനോദസഞ്ചാരികൾ അദ്ദേഹത്തെ തുപ്പുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ലൈഫ് ഗാർഡിന് പരിക്കേറ്റു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
വിനോദസഞ്ചാരികൾ ലൈഫ് ഗാർഡിന് നൽകേണ്ട നഷ്ടപരിഹാരത്തുകയെക്കുറിച്ച് ഇരുവിഭാഗങ്ങൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ, 200,000 ബാത്ത് നഷ്ടപരിഹാരം നൽകാൻ വിനോദസഞ്ചാരികൾ സമ്മതിച്ചതോടെ കേസ് ഒത്തുതീർപ്പിലെത്തി.