യുവാവിനെ വെടിവച്ച് കൊന്നത് അതിക്രൂരമായി; കാറും തീയിട്ട് നശിപ്പിച്ച് പക; കാനഡയിൽ ഇന്ത്യൻ വംശജൻ ഇനി 25 വർഷം അഴിയെണ്ണണം; കടുത്ത ശിക്ഷ വിധിച്ച് കോടതി
ഒട്ടാവ: കാനഡയിൽ നടക്കുന്ന ഒരു കൊലപാതക കേസിൽ ഇന്ത്യൻ വംശജനായ ബൽരാജ് ബസ്രയ്ക്ക് 25 വർഷം കഠിനതടവ് ശിക്ഷ. ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയാണ് ചൊവ്വാഴ്ച ഈ വിധി പുറപ്പെടുവിച്ചത്. 2022 ഒക്ടോബർ 17ന് വിശാൽ വാലിയെന്ന 38-കാരനെ വെടിവച്ചുകൊന്ന കേസിലാണ് ബസ്രയെ ശിക്ഷിച്ചത്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്ക് കോടതി നേരത്തെ വിവിധ ശിക്ഷകൾ വിധിച്ചിരുന്നു.
സംഭവം നടന്നത് ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ ഗോൾഫ് ക്ലബിൽ വെച്ചാണ്. വിശാൽ വാലിയെ വെടിവച്ചുകൊന്ന ശേഷം പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനം തീയിട്ട് നശിപ്പിച്ച് മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു. വാൻകൂവർ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ, റിച്ച്മണ്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, വാൻകൂവർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
കേസിലെ മറ്റ് പ്രതികളായ ഇക്ബാൽ കാംഗിന് തീവെപ്പ് കേസിൽ 17 വർഷം കഠിനതടവും അഞ്ച് വർഷത്തെ അധിക ശിക്ഷയും ലഭിച്ചു. ഡിയാൻഡ്രെ ബാപിസ്റ്റിന് 17 വർഷം പരോളില്ലാത്ത ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.