'അതിർത്തികൾ നമ്മെ അകറ്റി നിർത്തിയേക്കാം, എന്നാൽ സ്നേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല, ഇന്ത്യയിൽ നിനക്കായി ഒരു വീടുമുണ്ടാകും'; പാകിസ്ഥാൻ മത്സരാർത്ഥിക്കായി ഇന്ത്യൻ സുന്ദരിയുടെ കുറിപ്പ്; ഏറ്റെടുത്ത് സമൂഹ മാധ്യമം

Update: 2024-10-30 12:15 GMT

ബാങ്കോക്കിൽ മിസ് ഗ്രാന്റ് ഇന്റർനാഷനൽ 2024 മത്സരത്തിൽ പങ്കെടുത്ത രണ്ട് സുന്ദരികൾ തമ്മിലുളള സൗഹൃദത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള റേച്ചൽ ഗുപ്തയാണ് കിരീടം ചൂടിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി മിസ് ഗ്രാന്റ് ഇന്റർനാഷനൽ ചൂടുന്നത്. റേച്ചലിന്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പായിരുന്നു പുറത്ത് വന്നത്.

പാകിസ്താനിലെ പഞ്ചാബിൽ നിന്നുള്ള റോമ മൈക്കിളിന് വേണ്ടിയായിരുന്നു റേച്ചലിന്റെ കുറിപ്പ്. അതിരുകൾ ഞങ്ങളെ രണ്ടു ദിക്കുകളിലേക്ക് മാറ്റിയിരിക്കാം. എന്നാൽ ഞങ്ങൾക്കിടയിലെ സ്നേഹത്തെ തടുത്തുനിർത്താൻ ഒരാൾക്കും കഴിയില്ല.-എന്നാണ് റേച്ചൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

റോമ, നിന്റെ ധൈര്യത്തെയും ദയാവായ്പിനെയും കുറിച്ച് ഓർക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുകയാണ്. നിന്നോടൊപ്പം മത്സരിക്കാൻ സാധിച്ചത് തന്നെ വലിയ അഭിമാനമാണ്. വീട്ടിൽ നിന്ന് അകലെ മറ്റൊരു വീട് കണ്ടെത്തുന്നത് പോലെയാണത്. നിന്റെ ദയയും കഠിനാധ്വാനവും ശക്തിയും എല്ലാവർക്കും മാതൃകയാണ്. നീ സ്വയം വിജയിച്ച എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു. അതിർത്തികൾ നമ്മെ അകറ്റി നിർത്തിയേക്കാം, എന്നാൽ നമ്മൾക്കിടയിലെ സ്നേഹത്തെ ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല. ഒരേ രക്തമാണ് നമ്മുടെ സിരകളിൽ ഒഴുകുന്നത്. ഞാൻ നിന്റെ എക്കാലത്തേയും സുഹൃത്തായിരിക്കും. ഇന്ത്യയിൽ നിനക്കായി ഒരു വീടുമുണ്ടാകും. റോമ നീ തലയുയർത്തിപ്പിടിക്കുക, നീ ഒറ്റയ്ക്കല്ല, നമ്മളൊരുമിച്ച് വലിയൊരു ശക്തിയാണ്. കാരണം. ഭിന്നിപ്പിക്കുന്നത് എന്താണോ അത് നമ്മളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനേക്കാൾ വലുതല്ല''-എന്നായിരുന്നു കുറിപ്പ്.

പഞ്ചാബിൽ നിന്നുള്ള 20 കാരിയായ റേച്ചൽ ഗുപ്ത, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 കിരീടം ചൂടിയത്. ഇതോടെ 2000 ലെ മിസ് യൂണിവേഴ്‌സായ ലാറ ദത്തയ്‌ക്കൊപ്പം ആഗോള വേദിയിലെ ഏറ്റവും കൂടുതൽ കിരീടമണിഞ്ഞ ഇന്ത്യൻ സുന്ദരിമാരിൽ ഒരാളായി റേച്ചൽ ഗുപ്ത.

Tags:    

Similar News