സ്റ്റാര്‍മാര്‍ കുടിയേറ്റക്കാരെ പെട്ടെന്ന് വെറുക്കാന്‍ തുടങ്ങിയത് എന്തുകൊണ്ട്? ലേബര്‍ പാര്‍ട്ടിയില്‍ പുതിയ ഇമ്മിഗ്രെഷന്‍ നയത്തിന്റെ പേരില്‍ കലാപം

സ്റ്റാര്‍മാര്‍ കുടിയേറ്റക്കാരെ പെട്ടെന്ന് വെറുക്കാന്‍ തുടങ്ങിയത് എന്തുകൊണ്ട്?

Update: 2025-05-15 05:22 GMT

ലണ്ടന്‍: 'എന്തിനും ഏതിനും കുടിയേറ്റക്കാരെ ബലിയാടുകളാക്കാനുള്ള ടോറികളുടെയും മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ മനസ്സിലാകും. കുറഞ്ഞ വേതനം, ഭവനക്ഷാമം, സേവനങ്ങളുടെ അപര്യാപ്തത, ഇതെല്ലാത്തിനും കാരണം കുടിയേറ്റക്കാരല്ല, പരാജയപ്പെട്ട ഒരു സാമ്പത്തിക മാതൃകയാണ്.' 2020 ല്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ള വരികളാണിത്. പിന്നീട് പാര്‍ട്ടി നേതാവും, ഇപ്പോള്‍ പ്രധാനമന്ത്രിയുമൊക്കെ ആയപ്പോള്‍ സ്റ്റാര്‍മര്‍ ഏറെ മാറിയിരിക്കുന്നു എന്ന് ചില ലേബര്‍ നേതാക്കള്‍ തന്നെ പറയുന്നു കുടിയേറ്റക്കാര്‍ക്ക് എന്നും പിന്തുണ നല്‍കിയ സ്റ്റാര്‍മര്‍ ഇപ്പോള്‍ എന്തുകൊണ്ട് കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടു വരുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്.

നെയ്ജല്‍ ഫരാജിന്റെയും റിഫൊം യു കെയുടെയും വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ തന്റെ നയം തിരുത്താന്‍ സ്റ്റാര്‍മറെ നിര്‍ബന്ധിതനാക്കിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചിലര്‍ പറയുന്നു. റിഫോം യു കെയുടെ വിജയം രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളെയും ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. കുടിയേറ്റത്തിനെതിരെ കര്‍ശന സമീപനം സ്വീകരിക്കാത്തതിനാല്‍ ബ്രിട്ടന്‍ ഇപ്പോള്‍ അപരിചിതരുടെ ദ്വീപായി മാറുന്നു എന്നായിരുന്നു പുതിയ കുടിയേറ്റ നയം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്.

അതേസമയം, ബ്രിട്ടന്‍ അപരിചിതരുടെ ദ്വീപായി മാറാതിരിക്കാന്‍ വേണ്ടത് സാമൂഹിക ക്ഷേമ മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കുക എന്നതാണെന്ന്, പാര്‍ട്ടിക്കുള്ളിലെ മൃദു ഇടത് സ്വഭാവമുള്ള, ല്യൂട്ടന്‍ നോര്‍ത്ത് എം പി സാറാ ഓവന്‍ പറയുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നടപടികള്‍ പാടില്ല എന്നും അവര്‍ പറയുന്നു. അതേസമയം, കുടിയേറ്റ വിരുദ്ധ വികാരത്തില്‍ അലിഞ്ഞു ചേരുക എന്നത് ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത്യന്തം ലജ്ജാകരവും ആപകടകരവുമാണെന്ന് നോട്ടിംഗ്ഹാം ഈസ്റ്റ് എം പി നാദിയ വൈറ്റോമും പറയുന്നു.

ലേബര്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷം സ്വതന്ത്ര എം പിയായി തുടരുന്ന സാറാ സുല്‍ത്താനയും പുതിയ കുടിയേറ്റ നയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. കുടിയേറ്റം എക്കാലത്തും ബ്രിട്ടനില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ സുരക്ഷയും, രാജ്യത്തിന്റെ വളര്‍ച്ചയും പരിഗണിക്കുമ്പോള്‍, അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെന്ന് പ്രധാനമന്ത്രി കരുതുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News