റെയിൽവേ ട്രാക്ക് തകരാറിലാണെന്ന വിവരമറിയിച്ചത് ലോക്കോപൈലറ്റ്; പരിശോധനയിയിൽ പാളം സ്ഫോടനത്തിൽ തകർന്നതായി കണ്ടെത്തൽ; അട്ടിമറിക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശമെന്ന് അധികൃതർ
വാർസോ: പോളണ്ടിലെ ഒരു പ്രധാന റെയിൽവേ ലൈനിൽ ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനം അട്ടിമറിയാണെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. വാർസോയെ തെക്കുകിഴക്കൻ പോളണ്ടുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാതയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നും, ഇത് അട്ടിമറി പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഇതിന് പിന്നിലുണ്ടാകാം എന്ന സംശയവും അധികൃതർ പങ്കുവെക്കുന്നു.
ഞായറാഴ്ച രാവിലെ ഏകദേശം 7.40ഓടെയാണ് വാർസോ-ലുബ്ലിൻ റൂട്ടിൽ മൈക എന്ന ഗ്രാമത്തിന് സമീപമുള്ള റെയിൽവേ ട്രാക്ക് തകരാറിലാണെന്ന് ഒരു ട്രെയിനിന്റെ ലോക്കോപൈലറ്റ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാളത്തിന്റെ ഒരു ഭാഗം സ്ഫോടനത്തിൽ തകർന്നതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചെയോ ആണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ ട്രെയിനിൽ രണ്ട് യാത്രക്കാർക്കും റെയിൽവേ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവർക്ക് പരിക്കുകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചതാകാൻ വളരെ ഉയർന്ന സാധ്യതയുണ്ടെന്ന് പോളിഷ് സ്പെഷ്യൽ സർവീസസ് മന്ത്രി തോമസ് സിമോണിയാക്ക് വ്യക്തമാക്കി. എന്നാൽ, ഏത് രാജ്യമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വാർസോയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മൈകയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്.
ഈ റെയിൽവേ ലൈൻ യുക്രെയ്നിലേക്കുള്ള സഹായമെത്തിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി ടസ്ക് കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിൽ സമാനമായ രണ്ടാമതൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതും അട്ടിമറിയാണെന്ന് അധികൃതർ കരുതുന്നു. സ്വിനോയ്സ്യെയിൽ നിന്ന് റെസൊവിലേക്കുള്ള പാതയിൽ ഞായറാഴ്ച രാത്രി ഒരു ട്രെയിൻ നിർത്തിയിടേണ്ടി വന്നിരുന്നു.
സംഭവത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ അടിയന്തരമായി അറ്റകുറ്റ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പോളിഷ് അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പോളണ്ടിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇതിനോടകം തന്നെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, യൂറോപ്പിലെ റെയിൽവേ ശൃംഖലകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളിലും റെയിൽവേ ട്രാക്കുകളിൽ സമാനമായ അട്ടിമറി ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വർധിച്ചു വരികയാണ്.
