പാക്കിസ്ഥാനിലെ ഹൈദ്രാബാദില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; നാല് മരണം; ആറ് പേര്‍ക്ക് പരിക്ക്
സിന്ധ്: പാകിസ്ഥാനിലെ ഹൈദ്രാബാദില്‍ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, ലഘാരി ഗോത്ത് നദിയുടെ തീരത്ത് പടക്ക ഫാക്ടറിയിലാണ് ശക്തമായ സ്‌ഫോടനം നടന്നത്. ലൈസന്‍സ് ഇല്ലാത്ത ഒരു വീട്ടിലാണ് അനധികൃതമായി പടക്കങ്ങള്‍ നിര്‍മ്മിച്ചിരുന്നതെന്ന് ലാത്തിഫാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ആറ് പേരെയാണ് പൊള്ളലേറ്റ നിലയില്‍ എത്തിച്ചതെന്ന് ലിയാഖത്ത് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.പരിക്കേറ്റ ആറു പേരില്‍ രണ്ടു പേര്‍ ഏതാണ്ട് 100 ശതമാനം പൊള്ളലേറ്റ നിലയിലാണെന്ന് ഡോ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹവും മോര്‍ച്ചറിയില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഫാക്ടറിയില്‍ തീപിടിത്തമുണ്ടായെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരാണ് ഉടമസ്ഥനെന്ന് അന്വേഷണം തുടങ്ങിയെന്ന് ഹൈദരാബാദ് സീനിയര്‍ പൊലീസ് സൂപ്രണ്ട് അദീല്‍ ചന്ദിയോ പറഞ്ഞു. സംഭവം നടന്നയുടന്‍ ആംബുലന്‍സും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.