സ്‌കോട്ടിഷ് പോലീസിനെതിരെ പരാതി നല്‍കിയ ഇന്ത്യന്‍ പോലീസുകാരിക്ക് തോല്‍വി; തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ട്രിബ്യൂണല്‍
സ്‌കോട്ടിഷ് പോലീസിനെതിരെ പരാതി നല്‍കിയ ഇന്ത്യന്‍ പോലീസുകാരിക്ക് തോല്‍വി
എഡിന്‍ബര്‍ഗ്: വെള്ളക്കാരുടെ മേധാവിത്വവും, വംശീയവെറിയും പ്രോത്സാഹിപ്പിക്കുന്ന, കെ കെ കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കു ക്ലക്‌സ് ക്ലാന്‍ എന്ന സംഘവുമായി ബന്ധമുള്ളവരാണ് തന്റെ സഹപ്രവര്‍ത്തകര്‍ എന്നാരോപിച്ച് കേസ് നല്‍കിയ ഇന്ത്യന്‍ വംശജയായ പോലീസുകാരിയുടെ പരാതി കോടതി തള്ളി. നീലം പുരി എന്ന 59 കാരിയാണ് സ്‌കോട്ടിഷ് പോലീസിനെതിരെ വംശീയ വിവേചനം ആരോപിച്ച് ഒരു എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്. കെ കെ കെ എന്ന സംഘത്തിനുള്ള സ്‌കോട്ടിഷ് ബന്ധത്തെ കുറിച്ച് സഹപ്രവര്‍ത്തകര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടതിനെ തുടര്‍ന്നാണ് തന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക തോന്നിയ നീലം പുരി ട്രിബ്യൂണലിനെ സമീപിച്ചത് എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
തന്റെ സഹപ്രവര്‍ത്തകര്‍ ഈ സംഘത്തില്‍ പെട്ടവരാണെന്നത് തള്ളിക്കളയാന്‍ കഴിയില്ലെന്നും അബെര്‍ഡീനിലെ മാരിസ്‌കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ ലക്ഷ്യം വെച്ചിരുന്നു എന്നും നീലം പുരി ആരോപിക്കുന്നു. സഹപ്രവര്‍ത്തകര്‍ തമ്മില്‍ തൊഴിലിടത്ത് ഇത്തരത്തിലൊരു സംഭാഷണം നടന്നത് അനുചിതമായി എന്ന് മാനേജര്‍ സമ്മതിച്ചെങ്കിലും അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നും കോടതിയെ അറിയിച്ചു.
2023 ല്‍ നീലം പുരി അബെര്‍ഡീന്‍ഷയറിലെ സ്റ്റോണ്‍ഹെവന്‍ പോലീസ് സ്റ്റേഷനിലേക്ക് മാറിയിരുന്നു. അവിടെ തന്റെ പുതിയ ഷിഫ്റ്റ് രീതി ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായി അവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ വെള്ളക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതായും അന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. ഏതായാലും കെ കെ കെയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ പോയതോടെ അബര്‍ഡീന്‍ഷയര്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ കേസ് തള്ളുകയായിരുന്നു.