'ഹെൽത്തൊക്കെ ഓക്കേ അല്ലെ..'; മദ്യം ഒർഡർ ചെയ്യും മുമ്പ് നിങ്ങളുടെ 'നാഡി' പരിശോധിക്കാൻ ഡോക്ടർ എത്തും; ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വളരുന്നത് പുതിയൊരു ബാർ സംസ്കാരം

Update: 2026-02-18 08:12 GMT

ഷാങ്ഹായ്: അമിതമായ ജോലിഭാരവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന യുവാക്കൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനയിലെ ഷാങ്ഹായിൽ നൂതനമായ 'ഹെൽത്ത് ബാറുകൾ' പ്രചാരത്തിലാകുന്നു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും (ടി.സി.എം) ആധുനിക കോക്ടെയിലുകളും സംയോജിപ്പിക്കുന്ന ഈ ബാറുകളിൽ, മദ്യം ഓർഡർ ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് നിർബന്ധിത ആരോഗ്യപരിശോധനയുണ്ടാകും.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഷാങ്ഹായിലെ നിയാങ് ക്വിങ് ബാർ പോലുള്ള സ്ഥാപനങ്ങളിൽ എത്തുന്നവർക്ക്, ഡോക്ടർമാർ കൈത്തണ്ടയിലെ നാഡി പരിശോധിച്ച് ആരോഗ്യനില വിലയിരുത്തും. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ, ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഔഷധസസ്യങ്ങളും വേരുകളും ചേർത്താണ് മിക്സോളജിസ്റ്റുകൾ പാനീയങ്ങൾ തയ്യാറാക്കുന്നത്. സാധാരണ ബാറുകളിലെ മദ്യക്കുപ്പികൾക്ക് പകരം, ഗോജി ബെറികൾ, ഏഞ്ചലിക്ക റൂട്ട് തുടങ്ങിയ ഔഷധങ്ങൾ സൂക്ഷിക്കുന്ന തടികൊണ്ടുള്ള ചെറിയ അറകളാണ് ഇവിടെ കാണാൻ കഴിയുന്നത്. ബാറിന്റെ അന്തരീക്ഷമാകെ ഈ ഔഷധങ്ങളുടെ സുഗന്ധം നിറഞ്ഞുനിൽക്കുന്നു.

കടുത്ത മാനസിക സമ്മർദ്ദവും സമയക്കുറവും അനുഭവിക്കുന്ന യുവാക്കൾക്കിടയിൽ വ്യാപകമായ "പങ്ക് വെൽനസ്" എന്ന ജീവിതശൈലിയുടെ പ്രതിഫലനമാണ് ഈ ടി.സി.എം ബാറുകൾ. അമിതമായി ജോലി ചെയ്യുകയും വൈകി ഉറങ്ങുകയും ഫാസ്റ്റ് ഫുഡ് കഴിക്കുകയും ചെയ്യുന്നതിലൂടെ ശരീരം മോശമാകുമ്പോൾ, ഇത്തരം ഹെൽത്ത് ഡ്രിങ്കുകളിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനെയാണ് അവർ 'പങ്ക് വെൽനസ്' എന്ന് വിശേഷിപ്പിക്കുന്നത്. നിലവിൽ ചൈനയിലെ പല നഗരങ്ങളിലും ഇത്തരം ടി.സി.എം ബാറുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

26 വയസ്സുകാരിയായ ഹെലൻ ഷാവോയെപ്പോലുള്ളവർ രാത്രി വൈകി ഉറങ്ങുകയും ഫാസ്റ്റ് ഫുഡ് കഴിക്കുകയും ചെയ്യുന്നതിനൊപ്പം, ജോലിക്ക് ശേഷം ഇത്തരം ബാറുകളിൽ എത്താൻ ഇഷ്ടപ്പെടുന്നു. മദ്യപിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കാനും ഇത് സഹായിക്കുന്നുവെന്ന് അവർ പറയുന്നു. ബാർ ഉടമയും ടി.സി.എം വിദഗ്ധനുമായ ഡിങ്ങ്, ചൈനീസ് മരുന്നുകളും മദ്യവും തമ്മിലുള്ള ഈ സവിശേഷമായ കൂട്ടുകെട്ടിനെക്കുറിച്ച് ഊന്നിപ്പറയുന്നു. തിരക്കുപിടിച്ച ആധുനിക ജീവിതശൈലി സമ്മാനിക്കുന്ന വെല്ലുവിളികളെ നേരിടാൻ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധത്തെയും സ്വയം പരിചരണത്തിനുള്ള താൽപ്പര്യത്തെയും ഈ 'ഹെൽത്ത് ബാറുകൾ' അടയാളപ്പെടുത്തുന്നു.

Tags:    

Similar News