മാസപ്പിറവി കണ്ടു; ഖത്തറില്‍ ബുധനാഴ്ച റമദാന്‍ വ്രതാരംഭം; ഒമാനില്‍ മറ്റന്നാള്‍ മുതല്‍
ദോഹ: മാസപ്പിറവി കണ്ടതോടെ ഖത്തറില്‍ നാളെ മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുന്നു. ഖത്തറില്‍ വിശുദ്ധ റമദാന്‍ വ്രതാരംഭം നാളെ, ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിര്‍ണ്ണയ സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ദോഹയിലെ മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
വിശുദ്ധ മാസത്തിന്റെ വരവറിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നു. മാസപ്പിറവി പ്രഖ്യാപനം വന്നതോടെ ഇന്ന് രാത്രി മുതല്‍ തന്നെ രാജ്യത്തെ പള്ളികള്‍ തറാവീഹ് നമസ്‌കാരത്തിനായി സജ്ജമായിക്കഴിഞ്ഞു.
റമദാന്‍ പ്രമാണിച്ച് സ്‌കൂളുകളുടെയും സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളുടെയും പ്രവൃത്തി സമയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിപുലമായ സാംസ്‌കാരിക-കായിക പരിപാടികളാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്. ചന്ദ്രദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) മാര്‍ച്ച് 20-ഓടെ ഉണ്ടാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.