ട്രംപും വില്യം രാജകുമാരനും കണ്ട് മുട്ടിയപ്പോള്‍ എന്ത് സംസാരിച്ചു? ആശങ്കയോടെ സഹോദരന്‍ ഹാരി

ട്രംപും വില്യം രാജകുമാരനും കണ്ട് മുട്ടിയപ്പോള്‍ എന്ത് സംസാരിച്ചു? ആശങ്കയോടെ സഹോദരന്‍ ഹാരി

Update: 2024-12-11 04:49 GMT

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി വില്യം രാജകുമാരന്‍, ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ച ഹാരി രാജകുമാരനെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പാരിസില്‍, യു കെ അംബാസിഡറുടെ വസതിയില്‍ വെച്ച് ശനിയാഴ്ച നടന്ന സ്വകാര്യ കൂടിക്കാഴ്ചയില്‍ സ്വാഭാവികമായും ഹാരിയെ കുറിച്ചും മേഗന്‍ മെര്‍ക്കലിനെ കുറിച്ചും സംസാരിച്ചിരിക്കാം എന്നാണ് രാജകുടുംബ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ പറയുന്നത്.

നോട്ടര്‍ഡാം കത്തീഡ്രലിന്റെ പുനരാരംഭ വേളയിലെ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള വില്യമിന്റെ തീരുമാനവും, അമേരിക്കന്‍ നിയുക്ത പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയും, ക്യാന്‍സര്‍ ബാധിതനായ രാജാവില്‍ നിന്നും അധികാരം മകനിലേക്ക് പകരുന്നു എന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ചാള്‍സ് രാജാവ്, കാന്‍സറിനോട് പൊരുതിക്കൊണ്ടിരിക്കുകയാണെന്നും, കെയ്റ്റ് രാജകുമാരി സുഖമായിരിക്കുന്നുവെന്നും വില്യം പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. വളരെ നല്ല രീതിയിലുള്ള സംഭാഷണമാണ് തങ്ങള്‍ക്കിടയില്‍ നടന്നതെന്നു പറഞ്ഞ ട്രംപ് വില്യം രാജകുമാരന്‍ വളരെ നല്ല ഒരു വ്യക്തിയാണെന്നും പറഞ്ഞു. എന്നാല്‍, ഈ കൂടിക്കാഴ്ച ഹാരിയുടെ ഉള്ളില്‍ ആധിയുയര്‍ത്താന്‍ പോന്നതാണെന്നാണ് രാജകുടുംബ ചരിത്രകാരനും, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനുമായ ടോം ബോവര്‍ പറയുന്നു.

ഹാരി ഇപ്പോള്‍ അമേരിക്കന്‍ വിസയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലാണ്.മാത്രമല്ല, ഹാരി നല്‍കിയ വിസ അപേക്ഷ പ്രസിദ്ധപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ട്രംപിന് കൈവന്നിരിക്കുകയുമാണ്. മാത്രമല്ല, ഹാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന മയക്കു മരുന്നുപയോഗവുമായി ബന്ധപ്പെട്ട് വിസ അപേക്ഷയില്‍ കള്ളം പറഞ്ഞിട്ടുണ്ട് എന്ന് ബോദ്ധ്യമായാല്‍, വിസ മരവിപ്പിച്ച് ഹാരിയെ നാടുകടത്താനും ട്രംപിന് കഴിയും. ഒബാമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹാരിയും മേഗനും ഒരിക്കലും ട്രംപിന്റെ ഗുഡ്ബുക്കില്‍ ഇടം പിടിച്ചവരല്ല. അതുകൊണ്ടു തന്നെ വില്യമും ട്രംപും ഒരുമിച്ചുള്ള ചിത്രം ഹാരിയുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.

Tags:    

Similar News