ചെറുപ്പം തൊട്ടേ പീനട്ട് അലർജി; ഭക്ഷണം കഴിക്കുന്നത് സ്ഥിരം ഹോട്ടലുകളിൽ നിന്ന് മാത്രം; റെസിപ്പി മാറ്റിയതറിയാതെ പീനട്ട് അടങ്ങിയ ഭക്ഷണം കഴിച്ച യുവതിക്ക് അലർജി മൂലം ദാരുണാന്ത്യം; സംഭവം ടെക്‌സസിൽ

Update: 2024-11-28 08:25 GMT

ടെക്‌സസ്: പീനട്ട് ഉണ്ടെന്ന് അറിയാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതിക്ക് അലർജി മൂലം ദാരുണാന്ത്യം. യുഎസിലെ ടെക്‌സസ് സ്വദേശിയായ കോളജ് വിദ്യാർത്ഥിനി ആലിസൺ പിക്കറിങ് (23) ആണ് മരിച്ചത്. സ്ഥിരമായി കയറുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാണ് വിദ്യാർത്ഥിനി മരിച്ചത്. ഭക്ഷണത്തിൽ പീനട്ട് ഉണ്ടെന്ന് അറിയാതെ യുവതി ഇത് കഴിക്കുകയും അൽപസമയത്തിനുള്ള മരണം സംഭവിക്കുകയുമായിരുന്നു.

ആലിസണ് ചെറുപ്പം തൊട്ടേ പീനട്ട് അലർജി ഉള്ളതായാണ് കുടുംബം പറയുന്നത്. ഇത് കൊണ്ട് തന്നെ ചില റസ്റ്ററന്റുകൾ മാത്രം തിരഞ്ഞെടുത്താണ് ഭക്ഷണം കഴിച്ചിരുന്നത്. ഹോട്ടലിൽ നിന്നും പതിവായി കഴിക്കുന്ന ഒരു വിഭവം തന്നെയാണ് ആലിസൺ ഓർഡർ ചെയ്ത് കഴിച്ചത്. മാഹി മാഹി എന്ന മത്സ്യം കൊണ്ടുണ്ടാക്കുന്ന വിഭവമായിരുന്നു ഇത്. പൊതുവേ ഇതിൽ പീനട്ട് ഉപയോഗിക്കാറില്ല.

എന്നാൽ കഴിഞ്ഞ ദിവസം റസ്റ്ററന്റിൽ ഈ വിഭവത്തിന്റെ റെസിപ്പിക്ക് മാറ്റമുണ്ടായിരുന്നു. ഇതിൽ പീനട്ട് സോസ് ഉണ്ടെന്നറിയാതെ ആലിസൺ ഇത് ഓർഡർ ചെയ്യുകയും ഭക്ഷണം കഴിച്ചു. ഉടനെ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുകയുമായിരുന്നു. വിഭവത്തിൽ പീനട്ട് ഉണ്ടെന്ന് റസ്റ്ററന്റ് വെളിപ്പെടുത്തിയിരുന്നില്ല. സ്ഥിരം പോകുന്ന റസ്റ്ററന്റ് ആയിരുന്നത് കൊണ്ടു തന്നെ ആലിസൺ ഇത് ചോദിച്ചതുമില്ല.

എന്നാൽ സംഭവം മനസ്സിലായ ആലിസൺ ഉടൻ തന്നെ തന്റെ മരുന്നുകളെടുത്ത് കഴിച്ച് ആംബുലൻസിനെ വിവരമറിയിച്ചു. ആംബുലൻസിലേക്ക് യുവതി നടന്നാണ് കയറിയതെന്നാണ് കുടുംബം അറിയിക്കുന്നത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ആലിസന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. അനഫൈലാക്റ്റിക് ഷോക്ക് എന്ന അതിഭീകരമായ അലർജിക് റിയാക്ഷൻ ആണ് പിന്നീട് യുവതിക്ക് സംഭവിച്ചത്. ഈ അവസ്ഥ ഉണ്ടായാൽ അവയവയങ്ങളിലേക്ക് രക്തം എത്താതെയാവും, പിന്നീട് ബോധക്ഷയവും ശ്വാസതടസ്സവും. അധികം വൈകാതെ തന്നെ മരണവും സംഭവിക്കും.

ഭക്ഷണത്തിൽ പീനട്ട് ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിൽ മകൾ ഇപ്പോഴും കൂടെ കാണുമായിരുന്നു എന്നാണ് ആലിസന്റെ മാതാപിതാക്കൾ സങ്കടപ്പെടുന്നത്. തങ്ങൾ കഴിക്കുന്നത് എന്താണെന്നറിയാനുള്ള എല്ലാ അവകാശവും കസ്റ്റമേഴ്‌സിനുണ്ടെന്നും ഇത് റസ്റ്ററന്റ് അധികൃതർ മനസ്സിലാക്കണമെന്നും യുവതിയുടെ പിതാവ് ഗ്രോവർ ചൂണ്ടിക്കാട്ടുന്നു.

ആലിസന്റെ മാതാപിതാക്കൾ ഇപ്പോൾ ഭക്ഷണ അലർജിയെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ തിരക്കിലാണ്. റെസ്റ്റോറൻ്റുകളും ഉപഭോക്താക്കളും തമ്മിൽ വ്യക്തമായ ആശയവിനിമയം ഉണ്ടാവുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറയുകയാണ്. സമാന ദുരന്തങ്ങൾ തടയാൻ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിലാണ് ദമ്പതികൾ.

Tags:    

Similar News