പുലർച്ചെ റോഡിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി; പിന്നാലെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; ഒമാനിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2025-07-07 10:59 GMT
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം നടന്നത്. ചുഴലിക്കാറ്റിൽപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.
സലാലയിൽ നിന്നും മടങ്ങിവരവേ കുടുംബത്തോടൊപ്പം സഞ്ചരിച്ച കാർ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ നിസ്സാരമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.