ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്; കുറ്റം പറയാന്‍ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ; ചില കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വെളിവ് വരാന്‍ ചാന്‍സുണ്ടെന്ന് ഡോ.ഷിംന അസീസ്
ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്
ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്. ഡോക്ടര്‍മാര്‍ക്കിടയില്‍ 'ഗൈനക്കോളജി ഒരു ചോരക്കളിയാണ്' എന്നര്‍ത്ഥം വരുന്നൊരു ചൊല്ല് തന്നെയുണ്ട്. ചോരയും സ്രവങ്ങളുമൊന്നും ക്യാമറക്ക് മുന്നിലേക്ക് കൊണ്ട് വരാതെ, സുന്ദരിയായി ഒരുങ്ങി പുതപ്പുകള്‍ക്കുള്ളില്‍ അശ്വിന്റെ കൈ പിടിച്ച് കിടന്ന്, പങ്കാളിയുടെ തലോടലേറ്റ് അമ്മയോട് 'എനിക്ക് പേടിയാകുന്നമ്മാ' എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്, സഹോദരിമാര്‍ക്കിടയിലെ സുരക്ഷ അനുഭവിച്ച് നിലവാരമുള്ള മെഡിക്കല്‍ സൂപ്പര്‍വിഷനില്‍ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്.
അത് കാണുന്ന വലിയൊരു വിഭാഗം പുച്ഛിസ്റ്റ് പുരുഷന്മാര്‍ പുറമേ അംഗീകരിച്ചില്ലെങ്കിലും തലക്കക്കകത്ത് പുനര്‍വിചിന്തനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെണ്ണ് കടന്നു പോകുന്ന അതിതീവ്രവേദനയും അവള്‍ അര്‍ഹിക്കുന്ന കരുതലുമെല്ലാം നാല് പുസ്തകം വായിച്ചാല്‍ കിട്ടാത്തത്രയും ആഴത്തില്‍ ആ മിനിട്ടുകള്‍ നീളമുള്ള വിഡിയോയിലുണ്ട്. കുറ്റം പറയാന്‍ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ...ചില കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വെളിവ് വരാന്‍ ചാന്‍സുണ്ട്.
വല്ലാത്തൊരു കൂട്ടായ്മ തന്നെയാണ് ആ കുടുംബം. കാണിക്കാന്‍ പാടില്ലാത്തതൊന്നും ആ വിഡിയോയില്‍ ഇല്ല. ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കട്ടെ. പറയേണ്ടവര്‍ പറയട്ടെ. ഇരുട്ടറയില്‍ പേടിച്ചരണ്ട് ജീവന്‍ പോകുന്ന വേദനയും സഹിച്ച് പലപ്പോഴും തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഒറ്റപ്പെട്ട് വിയര്‍ത്തു നൊന്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്‌നേഹത്തിന്റെ ചൂടുള്ള അനുഭവം.
ഫൈനല്‍ എംബിബിഎസിന്റെ ഗൈനക്കോളജി പോസ്റ്റിംഗിനിടക്ക് തന്നെ കൂട്ടുകാരോടൊപ്പം ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ചിരിച്ചു കളിച്ചു ടേബിളില്‍ കിടന്ന് ഡിപ്പാര്‍ട്‌മെന്റ് ഹെഡ് സിസേറിയന്‍ ചെയ്ത ഒരു മനസ്സിന് കുളിരുള്ള അനുഭവം ഇവിടെയുമുണ്ട്. ഒരു തരി ആധിയോ ആശങ്കയോ പേരിന് പോലും ഉണ്ടായിരുന്നില്ല.
മറുവശത്ത്, മെഡിസിന് ചേരും മുന്നേയുള്ള ആദ്യപ്രസവത്തില്‍, ഇരുപത്തിരണ്ടാം വയസ്സില്‍, പതിനൊന്ന് മണിക്കൂര്‍ ലേബര്‍ റൂമില്‍ വേദന സഹിച്ച് കിടക്കേണ്ടി വന്നു. പ്രസവം പുരോഗമിക്കാനുള്ള രീതിയിലല്ല കുഞ്ഞിന്റെ തലയും എന്റെ ഇടുപ്പും തമ്മിലുള്ള അനുപാതമെന്ന കാരണത്താല്‍ സിസേറിയന്‍ വേണ്ടി വന്നേക്കാമെന്ന സൂചന ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. വളരെ ദയയുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. അന്ന് പോകെപ്പോകെ കുഞ്ഞിന്റെ അനക്കം കുറയുന്നത് പോലെ തോന്നി എമര്‍ജന്‍സി സിസേറിയനില്‍ കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു.
ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ ഓപി തിരക്കുകളിലായിരുന്ന നേരത്ത് മനുഷ്യപറ്റില്ലാത്ത സിസ്റ്റര്‍മാരുടെ ചീത്തവിളി കേട്ട് മനസ്സ് തളര്‍ന്നു പോയിട്ടുണ്ടന്ന്. അതൊന്നും ഓര്‍ക്കാന്‍ പോലും താല്‍പര്യമില്ല. ആ സ്റ്റാഫിനെതിരെ അന്ന് പരാതി എഴുതി അയച്ചിരുന്നു. ഹോസ്പിറ്റല്‍ അന്ന് ആ സ്റ്റാഫിനെതിരെ നടപടി എടുത്തിരുന്നതായും അറിയാം. രണ്ട് രീതിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള നേരനുഭവമുണ്ട്.
ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്. ഇനിയുമൊരുപാട് പെണ്‍കുട്ടികള്‍ക്ക് ആശ്വാസത്തോടെ ആ വേദനയറിയാന്‍ അവര്‍ കാരണമാകട്ടെ. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ കുടുംബത്തിലേക്ക് പിറന്നു വീണ ആണൊരുത്തന്‍ നിയോമിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ...
ദിയക്കും കുടുംബത്തിനും നന്മകള്‍ വര്‍ഷിക്കട്ടെ. ജീവിതത്തിലെ നിറങ്ങള്‍ ലോകം അറിയുക തന്നെ ചെയ്യട്ടെ.
സ്‌നേഹം,
ഡോ. ഷിംന അസീസ്