ഫ്‌ലാറ്റില്‍ എത്തിച്ച് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; ഗര്‍ഭഛിദ്ര മരുന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് നല്‍കി; വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തി; കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലുള്ളത് ഗുരുതര വിവരങ്ങള്‍
ഫ്‌ലാറ്റില്‍ എത്തിച്ച് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ എഫ്.ഐ.ആറിന്റെ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ഒരു ഫ്‌ലാറ്റില്‍വച്ചാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ട് തവണ രാഹുല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് ആരോപണം. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പാലക്കാട്ടെ ഫ്‌ലാറ്റിലെത്തിച്ച് ദൃശ്യങ്ങള്‍ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.
2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കുകയായിരുന്നെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കി. തുടര്‍ന്ന് രാഹുല്‍ വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞതായി പെണ്‍കുട്ടി മൊഴി നല്‍കി. ഗര്‍ഭച്ഛിദ്രത്തിനായുള്ള മരുന്ന് രാഹുലിന്റെ സുഹൃത്താണ് ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതെന്നും, മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കല്‍ രേഖകള്‍ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിന്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. 20 പേജോളം വരുന്ന മൊഴിയാണ് പെണ്‍കുട്ടി അന്വേഷണ സംഘത്തിന് നല്‍കിയത്. മൊഴിയെടുപ്പ് അഞ്ചര മണിക്കൂറോളമാണ് നീണ്ടത്.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസില്‍ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികള്‍. ബലാത്സംഗം,നിര്‍ബന്ധിത ഭ്രൂണഹത്യ വകുപ്പുകള്‍ക്ക് പുറമെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വകുപ്പ് കൂടി ചുമത്തി.
രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി. അടൂര്‍ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെ മൊബൈല്‍ ഇന്നലെ വൈകിട്ട് മുതല്‍ സ്വിച്ച് ഓഫ് ആണ്. ഒളിവില്‍ പോയതായി സൂചന. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 89 വകുപ്പ് പ്രകാരം 10 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകള്‍
IT ACT 68 (e)
BNS - 64 - ബലാത്സംഗം
64(2) - നിരന്തരം പീഡിപ്പിക്കല്‍
64(f) - പീഡനം(ഉപദ്രവിച്ചു)
64(h) - അധികാരം ഉപയോഗിച്ച് പീഡിപ്പിക്കല്‍
64(m) - തുടര്‍ച്ചയായി ഒരു സ്ത്രീയെ തന്നെ പീഡിപ്പിക്കല്‍
89 - ഗര്‍ഭചിദ്രം
316 - വിശ്വാസ വഞ്ചന
തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
