കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങുന്നത് അപമാനകരം; കൂറുമാറാന്‍ എംഎല്‍എയ്ക്ക് 50 കോടി കോഴ; അഴിമതി നിരോധന നിയമം മറക്കുന്ന മുഖ്യമന്ത്രി; എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കുന്നുമില്ല; ആരോപണമുയര്‍ത്തുന്നത് വാര്‍ത്തകള്‍ വഴിതിരിച്ചു വിടാനോ? പിപി ദിവ്യയെ രക്ഷിക്കാന്‍ പുതുചര്‍ച്ച
തിരുവനന്തപുരം: കൂറുമാറ്റാന്‍ തോമസ് കെ.തോമസ് എംഎല്‍എ 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു എംഎല്‍എ സ്ഥിരീകരിച്ചതോടെ ചര്‍ച്ച പലവഴിക്ക്. എന്നാല്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പൊതുസേവകനു കോഴ നല്‍കുന്നതും വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമാണ്. തോമസ് കെ.തോമസിനെതിരായ ആക്ഷേപം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വകുപ്പ് ചുമതലയുള്ള പിണറായി ഇതേ കുറിച്ച് ഇതുവരെ പ്രതികരിച്ചുമില്ല. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിലുള്ള ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാര്‍ട്ടിയിലേക്കു കൂറുമാറ്റാനാണ് കോഴവാഗ്ദാനം എന്നാണ് ആരോപണം. ബിജെപിക്കൊപ്പമുള്ള എന്‍സിപിയിലേക്ക് (അജിത് പവാര്‍ പക്ഷം) കൂറുമാറാന്‍ 50 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളോടു ചോദിച്ചിരുന്നതായി എംഎല്‍എമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) കോവൂര്‍ കുഞ്ഞുമോനും (ആര്‍എസ്പി ലെനിനിസ്റ്റ്) സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴ ആരോപണം മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിനു വിട്ടില്ല. അഴിമതിനിരോധന നിയമപ്രകാരം ഇക്കാര്യത്തില്‍ വിജിലന്‍സിനു കേസെടുക്കാം. വിജിലന്‍സും മുഖ്യമന്ത്രിക്ക് കീഴിലാണ്. എംഎല്‍എ ആയതിനാല്‍ തോമസിനെതിരെ വിജിലന്‍സ് അന്വേഷിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം. അതിനിടെ നവീന്‍ ബാബു ആത്മഹത്യ അടക്കമുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ് ഈ ചര്‍ച്ചയെന്ന വാദവും ശക്തമാണ്. അതിന് അപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി നിലപാട് എടുത്ത എംഎല്‍എയെ കുറിച്ചുള്ള ചര്‍ച്ചയും ഈ വിവാദം ഉയര്‍ത്തുന്നുണ്ട്. ഇടതുപക്ഷ എംഎല്‍എയാണ് കൂറുമാറി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തതെന്നാണ് ആക്ഷേപം. പിവി അന്‍വര്‍ എംഎല്‍എ ചിലതൊക്കെ പറയുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നിരുന്നില്ല. ആ വോട്ടിന് പിന്നിലും കോഴയുണ്ടോ എന്ന സംശയം ആദ്യം മുതലേ ശക്തമാണ്.
നവീന്‍ ബാബു ആത്മഹത്യയില്‍ സിപിഎം പ്രതിരോധത്തിലാണ്. പിപി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അറസ്റ്റു ചെയ്യേണ്ടി വരും. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ നാണക്കേടായി ഈ ചര്‍ച്ച മാറും. ഇതിന് വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ് കോഴ ആരോപണമെന്ന സംശയം ശക്തമാണ്. എന്നാല്‍ ഇപ്പോഴും ചര്‍ച്ച നവീന്‍ ബാബുവിനെ തന്നെ കേന്ദ്രീകരിക്കുന്നുവെന്നത് കോഴ ചര്‍ച്ചക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. വെറുമൊരു ചര്‍ച്ച മാത്രമാണ് നടക്കുന്നതെന്നും അല്ലാതെ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ പോകില്ലെന്നും സൂചനകളുണ്ട്. ഏതായാലും കേരള രാഷ്ട്രീയത്തില്‍ ഇത്രയും വലിയ കൂറുമാറ്റ കോഴ ആരോപണമുണ്ടായിട്ടില്ലെന്നതാണ് വസ്തുത.
എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, ശശീന്ദ്രന്‍, തോമസ് കെ.തോമസ് എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടതു മൂന്നാഴ്ച മുന്‍പാണ്. മുഖ്യമന്ത്രി സാവകാശം ചോദിച്ചെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇവര്‍ പ്രതികരിച്ചത്. ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഈ ആക്ഷേപമുള്‍പ്പെടെ അന്വേഷിക്കാന്‍ കൂടിയാണു മുഖ്യമന്ത്രി സമയമെടുത്തതെന്നുമാണ് ഇന്നലെ തോമസ് കെ.തോമസ് പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ ഒരു മാസം മുന്‍പു തന്നെ കോഴയാരോപണം മുഖ്യമന്ത്രിയുടെ അറിഞ്ഞു. മുഖ്യമന്ത്രി സ്വന്തം നിലയില്‍ മൊഴിയും തെളിവ് ശേഖരണവും നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണ്. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചുവെന്ന് കോവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് കേസെടുത്താല്‍ ഇഡി അടക്കം അന്വേഷണത്തില്‍ ഇടപെടുമായിരുന്നു. അതിനിടെ കരുതലോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. വിജിലന്‍സ് കേസെടുത്താല്‍ അന്വേഷണത്തിലേക്കു കേന്ദ്ര ഏജന്‍സിയായ ഇ.ഡി കൂടി എത്തുന്ന സാഹചര്യം വരും.
തന്റെ മന്ത്രിസ്ഥാനത്തിനു തടസ്സമായത് കൂറുമാറ്റ ആരോപണമാണെന്ന് തോമസ് കെ.തോമസ് എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയം. കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസ് കെ.തോമസ് പൂര്‍ണമായും നിഷേധിച്ചു. അതേസമയം, 'നിങ്ങളുടെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്കാണെങ്കിലും ചില ആരോപണങ്ങള്‍ വന്നതിനാല്‍ കാത്തിരിക്കണം' എന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയോടു മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ച് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു തോമസ് കെ.തോമസ് ആരോപിച്ചു. അപക്വ പ്രസ്താവനകളാണ് തോമസ് നടത്തുന്നതെന്നും ജനങ്ങള്‍ക്കു സത്യം ബോധ്യപ്പെട്ടുകഴിഞ്ഞെന്നും ആന്റണി രാജു തിരിച്ചടിച്ചു.
ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. 'ആരോപണം ശരിയാണെങ്കില്‍ അങ്ങനെയൊരാള്‍ എല്‍ഡിഎഫില്‍ തുടരരുത്. കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങുന്നത് അപമാനകരമാണ്' അദ്ദേഹം പറഞ്ഞു. തോമസ് കെ.തോമസും കോവൂര്‍ കുഞ്ഞുമോനും അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചാല്‍ സഹകരിക്കുമെന്ന് ആന്റണി രാജുവും വ്യക്തമാക്കി. മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചെങ്കിലും കോഴ ആരോപണമോ കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യയോ പരാമര്‍ശിച്ചില്ല. മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നുവെന്ന മുഖവുരയോടെ ആകെ പറഞ്ഞത്, മലപ്പുറം ജില്ലയെക്കുറിച്ചുള്ള പ്രസ്താവനകള്‍ സംബന്ധിച്ച വിവാദമാണ്.
പിണറായി വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍, തോമസ് കെ തോമസ്, ആന്റണി രാജു