ബാലന്റെ തള്ളും സജി ചെറിയാന്റെ വര്‍ഗീയതയും തകര്‍ത്തു; മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ക്കെതിരെ പാലോളിയുടെ ബോംബ്! സി.പി.എമ്മില്‍ പൊട്ടിത്തെറി; ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെ പിന്തുണച്ചിട്ടുണ്ട്! ജമാഅത്ത് ബന്ധം വിളിച്ചുപറഞ്ഞ് പാലോളി; ബാലന്റെ 'ആഭ്യന്തര വകുപ്പ്' തള്ളല്‍ പൊളിഞ്ഞു; സിപിഎം പ്രതിസന്ധിയില്‍

Update: 2026-01-25 06:41 GMT

തിരുവനന്തപുരം: വിവാദ പ്രസ്താവനകളില്‍ എ.കെ. ബാലനെയും മന്ത്രി സജി ചെറിയാനെയും തള്ളി മുതിര്‍ന്ന സി.പി.എം. നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള സജി ചെറിയാന്റെ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും എ.കെ. ബാലന്‍ തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാലോളി വ്യക്തമാക്കി. മലപ്പുറത്തെയും കാസര്‍കോട്ടെയും തെരഞ്ഞെടുപ്പ് വിജയങ്ങളെ വര്‍ഗീയതയുമായി ബന്ധിപ്പിച്ച സജി ചെറിയാന്റെ പ്രസ്താവന നേരത്തെ തന്നെ വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സമ്മര്‍ദ്ദമുണ്ടായതോടെ സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും, മുതിര്‍ന്ന നേതാവായ പാലോളിയുടെ പരസ്യ പ്രതികരണം നേതൃത്വത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയെയും പാലോളി തള്ളിക്കളഞ്ഞു. ജമാഅത്തെ ഇസ്ലാമി നിരുപാധികം സി.പി.എമ്മിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന വസ്തുത പാലോളി ഓര്‍മ്മിപ്പിച്ചു. സി.പി.എം അത്തരം പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത് മുമ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലന്റെ പ്രസ്താവന അസംബന്ധമാണെന്ന് എം.വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ബാലനെ പിന്തുണച്ച പശ്ചാത്തലത്തില്‍ പാലോളിയുടെ വാക്കുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ലീഗിനെയാണ് ആക്ഷേപിച്ചതെന്നും അദ്ദേഹത്തിന്റെ ചില നിലപാടുകളോട് പാര്‍ട്ടിക്ക് യോജിപ്പുണ്ടെന്നും പാലോളി പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ വിഭിന്നമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമാണ് മുതിര്‍ന്നനേതാവ് എ.കെ. ബാലന്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ബാലനെ പിന്തുണച്ചപ്പോള്‍, പ്രസ്താവന അസംബന്ധമാണെന്ന വിരുദ്ധനിലപാടാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെടുത്തത്. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വന്നാലുണ്ടാകുന്ന, അവരുടെ സ്വാധീനത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന ആപത്തിനെ സംബന്ധിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കുന്ന ആശങ്കയ്ക്കപ്പുറം താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിഷയത്തില്‍ ബാലന്റെ വിശദീകരണം. ഇതിനെയാണ് പാലോളി തള്ളുന്നത്.

സജി ചെറിയാന്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ പാലോളി മുഹമ്മദ് കുട്ടി എ.കെ. ബാലന്‍ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നിരുപാധികം സിപിഎമ്മിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് പാര്‍ട്ടിയല്ലേ. പ്രസ്താവന പാടില്ലാത്തതാണ്. പക്ഷേ നിര്‍ഭാഗ്യവശാലതുണ്ടായെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. എ.കെ. ബാലന്‍ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ. ബാലന്‍ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയതാണ്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. - അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ ചില കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നതായും പാലോളി പ്രതികരിച്ചു. ചില കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ അല്ല മുസ്ലിം ലീഗിനെയാണ് ആക്ഷേപിച്ചത് - പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നിരുപാധികം സിപിഎമ്മിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സിപിഎം അത്തരം പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോട്ടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്നും ഇതാര്‍ക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവനയാണ് നേരത്തേ വിവാദത്തിലായത്. പരാമര്‍ശം വന്‍ വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിന്‍വലിക്കുന്നതായും സജി ചെറിയാന്‍ വ്യക്തമാക്കി. പരാമര്‍ശത്തില്‍ സജി ചെറിയാനെ സിപിഎം പിന്തുണച്ചിരുന്നില്ല. ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഖേദപ്രകടനം.

Similar News