ജി. സുധാകരന്‍ വഴങ്ങുന്നു; ആലപ്പുഴയില്‍ തല്‍ക്കാലം 'വെടിനിര്‍ത്തല്‍'! വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കെ കാലുപിടിച്ച് സിപിഎം ജില്ലാ നേതൃത്വം; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് സുധാകരന്‍; പാര്‍ട്ടി വിടില്ലെങ്കിലും അംഗത്വം പുതുക്കില്ല; ഗോവിന്ദനും നാസറിനുമെതിരെ വെടിപൊട്ടിച്ച മുതിര്‍ന്ന നേതാവ് ഒടുവില്‍ ശാന്തനായോ?
ജി. സുധാകരന്‍ വഴങ്ങുന്നു
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം ഫലം കണ്ടതായി സൂചന. പാര്‍ട്ടി ജില്ലാ സെക്രട്ടറി നാസര്‍ അടക്കമുള്ളവര്‍ സുധാകരനെ നേരിട്ട കണ്ട് സംസാരിച്ച് കടുത്ത നടപടികള്‍ക്ക് മുതിരരുതെന്ന് അഭ്യര്‍ഥിച്ചതോടെയാണ് മനംമാറ്റം. നാളെ രാവിലെ സുധാകരന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കെയാണ് അനുനയശ്രമം ഫലവത്തായത്.
അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മജി. സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായുള്ള നിലവിലെ ഭിന്നതകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ നാളെ മാധ്യമങ്ങളെ കാണുമെന്നും സുധാകരന്‍ അറിയിച്ചു.
പാര്‍ട്ടി അംഗത്വം പുതുക്കില്ലെങ്കിലും, സിപിഎമ്മിനോടുള്ള അനുഭാവം ഉപേക്ഷിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞതിന് പിന്നാലെയാണ് ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഇതിനിടെ, ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ജി. സുധാകരന്‍ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ നിരവധി വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കി. കൂടാതെ, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. നാളെ വാര്‍ത്താസമ്മേളനം നടക്കാനിരിക്കെ ഇന്ന് രാത്രി അടിയന്തര ജില്ലാ കമ്മിറ്റി യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, അമ്പലപ്പുഴ മണ്ഡലത്തിലെ തനിക്ക് അടുപ്പമുള്ള പ്രാദേശിക സിപിഎം നേതാക്കളെ ഫോണില്‍ വിളിച്ച് സുധാകരന്‍ പിന്തുണ തേടിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ കടുത്ത അവഗണന നേരിടുകയാണെന്ന് ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആര്‍. നാസറിനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
പാര്‍ട്ടിയില്‍ പലതലങ്ങളില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് വൈകാരികമായ കുറിപ്പില്‍ സുധാകരന്‍ വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി തന്നെ ഒഴിവാക്കുകയാണെന്നും അര്‍ഹിക്കുന്ന ഒരു പരിഗണനയും നല്‍കിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാല്‍, ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാവിന്റെ ഈ നീക്കങ്ങള്‍ സിപിഐഎമ്മിനുള്ളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
