സതീശനെ നേമത്തേക്ക് 'വിളിച്ച്' ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; യുഡിഎഫ് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭയം; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ 'മാസ്റ്റര്‍ പ്ലാന്‍' കഥ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പോരാട്ടം കടുക്കുമോ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധൈര്യമുണ്ടെങ്കില്‍ നേമത്ത് വന്നു മത്സരിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വെല്ലുവിളിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്.. നേമത്ത് വീണ്ടും മത്സരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശിവന്‍കുട്ടിക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം.
ശിവന്‍കുട്ടിയുടെ ഈ വെല്ലുവിളിക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്: 2016-ലെ തോല്‍വിയിലെ തിരിച്ചറിവാണ് ഇതിന് കാരണം. അന്ന് യുഡിഎഫിനായി ഘടകകക്ഷി നേതാവ് സുരേന്ദ്രന്‍ പിള്ള മത്സരിച്ചപ്പോള്‍ ശക്തമായ ഒരു ത്രികോണ പോരാട്ടം ഉണ്ടായില്ല. ഇതോടെ വോട്ടുകള്‍ ബിജെപിയിലേക്ക് കേന്ദ്രീകരിക്കുകയും ഒ. രാജഗോപാല്‍ വിജയിക്കുകയും ചെയ്തു. 2021-ല്‍ കെ. മുരളീധരന്‍ കോണ്‍ഗ്രസിനായി എത്തിയതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം നടന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി പെട്ടിയിലായതോടെ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ പരാജയപ്പെടുകയും ശിവന്‍കുട്ടി വിജയിക്കുകയും ചെയ്തു. ഈ സാഹചര്യമൊരുക്കാനാണ് വെല്ലുവളി.
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന്‍ സതീശന്‍ ശ്രമിക്കുകയാണെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. 'വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്ന് വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിക്കാനാവില്ല. ധൈര്യമുണ്ടെങ്കില്‍ നേമത്ത് വന്ന് ബിജെപിയോട് ഏറ്റുമുട്ടൂ' - ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിലെ പ്രധാനി തന്നെ നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ശിവന്‍കുട്ടി. ഇത്തവണ ബിജെപി കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറെ നേമത്ത് ഇറക്കാനാണ് സാധ്യത. രാജീവ് ചന്ദ്രശേഖര്‍ വന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനായാല്‍ അത് വീണ്ടും ബിജെപിക്ക് ഗുണകരമാകുമെന്ന് ശിവന്‍കുട്ടി ഭയക്കുന്നു.
വി.ഡി. സതീശനെപ്പോലൊരു ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ മാത്രമേ ത്രികോണ പോര് ഉറപ്പാകൂ എന്നാണ് സി.പി.എം വിലയിരുത്തല്‍. കെ മുരളീധരന്‍ ഇനി നേമത്ത് മത്സരിക്കില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് ശിവന്‍കുട്ടി മറ്റൊരു ശക്തനെ നേമത്തേക്ക് തേടുന്നത്. ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് നേമത്ത് നിലവില്‍ കോണ്‍ഗ്രസ് ചര്‍ച്ചകളിലുള്ളത്. ഇത് കൂടി മനസ്സില്‍ വച്ചാണ് ശിവന്‍കുട്ടിയുടെ വെല്ലുവിളി. നേമത്ത് കോണ്‍ഗ്രസ് ആരെ ഇറക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ഫലം.
ശിവന്‍കുട്ടിയുടെ വെല്ലുവിളി യുഡിഎഫ് ഏറ്റെടുക്കുമോ അതോ പതിവ് പോലെ വോട്ട് ചോര്‍ച്ച ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഏതായാലും ബിജെപി നേമത്ത് അനൗദ്യോഗിക പ്രചരണം തുടങ്ങി കഴിഞ്ഞു. താനായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
